കോഴിക്കോട്: പ്രവാസി വോട്ടുറപ്പിക്കാൻ യുഡിഎഫ്. ഗൾഫിലെത്തി വോട്ട് തേടി വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. പ്രവാസി വോട്ട് നിർണായകമായ മണ്ഡലമാണ് വടകര. യുഎഇയിലും ഖത്തറിലും കഴിയുന്ന പ്രവാസികളാണ് ലക്ഷ്യം. പ്രത്യേക വിമാനം ഉള്‍പ്പെടെ ഏർപ്പാടാക്കി പരമാവധി വോട്ട് മണ്ഡലത്തിൽ എത്തിക്കൽ തന്നെയാണ് ഷാഫിയുടെ ഗൾഫ് സന്ദർശനത്തിന്റെ ഉദ്ദേശം.
വടകരയിൽ ഷാഫി വന്നിറങ്ങിയ അതേ ആവേശം ഷാർജയിലുമുണ്ടായിരുന്നു. വിമാന നിരക്കിലെ കൊള്ള, മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിലെ കുരുക്കുകള്‍, പ്രവാസി വോട്ടവകാശം എന്നിവയെല്ലാം ചർച്ചയാക്കിയാണ് ഷാഫിയുടെ ഗൾഫ് സന്ദർശനം.
വോട്ടുള്ള പ്രവാസികള്‍ക്കു പോലും യാത്ര ഒഴിവാക്കേണ്ടി വരുന്ന തരത്തിൽ വിമാന ടിക്കറ്റ് ഉയർന്നു നിൽക്കുന്ന സമയത്താണ് തെരഞ്ഞെടുപ്പ്. സാമ്പത്തിക ഭദ്രതയെ ബാധിക്കാത്ത തരത്തിലാണെങ്കിൽ വോട്ട്ചെയ്യാൻ നാട്ടിലേക്ക് വരണമെന്നാണ് ഷാഫി നടത്തിയ അഭ്യർത്ഥന. കൂടിയ ടിക്കറ്റ് നിരക്ക് മറികടക്കാൻ പ്രത്യേക വിമാനം ഉള്‍പ്പെടെ യുഡിഎഫിന്‍റെ പരിഗണനയിലുണ്ട്.