ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധം ശക്തമാക്കി ആം ആദ്മി പാര്‍ട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതി വളയാനാണ് തീരുമാനം. എന്നാല്‍ മാര്‍ച്ചിന് പൊലീസ് അനുമതി ലഭിച്ചിട്ടില്ല. അനുമതിയില്ലെങ്കിലും മാര്‍ച്ചുമായി മുന്നോട്ട് പോകാനാണ് എഎപി തീരുമാനം
സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ രാജ്യവ്യാപക പ്രതിഷേധവും ആം ആദ്മി പാര്‍ട്ടി നടത്തും. മോദി ഏറ്റവുമധികം ഭയപ്പെടുന്നത് കെജ്രിവാളിനെ എന്ന മുദ്രാവാക്യം ഉയര്‍ത്തിയുള്ള സമൂഹ മാധ്യമ ക്യാമ്പയിന് ഇന്നലെ എഎപി ആരംഭിച്ചിരുന്നു. പ്രതിഷേധങ്ങള്‍ തടയാന്‍ വന്‍ സുരക്ഷാക്രമീകരണങ്ങള്‍ ഡല്‍ഹി പോലീസ് ഒരുക്കിയിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ സംഘടിക്കാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
അതേസമയം കെജ്രിവാളിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി ഇന്നും പ്രതിഷേധിക്കും. കസ്റ്റഡിയിലൂള്ള കെജ്രിവാളിനെ ചോദ്യം ചെയ്യുന്നത് ഇഡി തുടരുകയാണ്. മദ്യനയ അഴിമതിയില്‍ കസ്റ്റഡിയിലൂള്ള കെ കവിതയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. റൗസ് അവന്യു കോടതിയില്‍ ഹാജരാക്കുന്ന കവിതയെ വീണ്ടും കസ്റ്റഡില്‍ വേണമെന്ന് ഇഡി ആവശ്യപ്പെടും.