Kerala

പൗരത്വ നിയമ ഭേദഗതി; ഭരണഘടനാ സംരക്ഷണ റാലി ഇന്ന് മലപ്പുറത്ത്‌

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ സംരക്ഷണ സമിതി റാലി ഇന്ന് മലപ്പുറത്ത്‌. രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ റാലി ഉദ്ഘാടനം ചെയ്യും. സമസ്ത ഉൾപ്പടെയുള്ള മത, സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക നേതാക്കളെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

മലപ്പുറം മച്ചിങ്ങൽ ബൈപാസ് ജങ്ഷനിലാണ് റാലി സംഘടിപ്പിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ നിലപാട് കടുപ്പിക്കുകയാണ് സിപിഐഎം. 2020ൽ മഹാറാലി സംഘടിപ്പിച്ചതിന് സമാനമായി വിവിധ മത സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ പങ്കെടുക്കും. സമസ്ത ഇ കെ, എപി വിഭാഗങ്ങൾ, കെഎൻഎം, മർകസുദ്ദ അവ, വിസ്‌ഡം, എംഇഎസ് തുടങ്ങിയ സംഘടനകളെ സിപിഐഎം പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

മുസ്ലിം ലീഗിനും പങ്കെടുക്കാമെന്ന് സംഘാടകർ പറയുന്നുണ്ടെങ്കിലും പരസ്യക്ഷണം ഉണ്ടായിട്ടില്ല. ഡോ. കെ ടി ജലീൽ എംഎൽഎ അധ്യക്ഷനാകും. തിരഞ്ഞെടുപ്പ് കാലത്തെ റാലിക്ക് പിന്നിൽ ന്യൂനപക്ഷ വോട്ട് മാത്രമാണ് സിപിഐഎം ലക്ഷ്യമെന്ന് യുഡിഎഫ് നേരത്തെ ആരോപിച്ചിരുന്നു. കോഴിക്കോടിനും, കണ്ണൂരിനും, കാസർകോടിനും പിന്നാലെയാണ് മലപ്പുറത്തും പരിപാടി നടക്കുന്നത്. കൊല്ലത്തും സമാനമായ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. പൗരത്വ പ്രക്ഷോഭത്തിനായി മലപ്പുറത്തേക്ക് മുഖ്യമന്ത്രി എത്തുന്നതോടെ തിരഞ്ഞെടുപ്പ് പ്രചാരണം സജീവമാകുമെന്നാണ് എൽഡിഎഫിന്റെ കണക്കുകൂട്ടൽ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top