തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഎം നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന റാലി ഇന്ന് കാഞ്ഞങ്ങാട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇന്നു വൈകിട്ട് ഏഴുമണിക്ക് അലാമിപ്പള്ളിയിലെ മൈതാനത്ത് നടക്കുന്ന പൊതുയോഗത്തിൽ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക മേഖലയിലെ പ്രമുഖരും പങ്കെടുക്കും. കേരളത്തിൽ പൗരത്വഭേദഗതി നിയമം രാഷ്ട്രീയവിഷയമായി ഉയർത്തി മുസ്ലീം ന്യൂനപക്ഷത്തെ ഒപ്പം കൂട്ടാനാണ് സിപിഎം ശ്രമം. ഇന്നലെ കോഴിക്കോട് നടന്ന റാലിക്ക് പിന്നാലെയാണ് ഇന്ന് കാഞ്ഞങ്ങാട് റാലി നടത്തുന്നത്. നാളെ കണ്ണൂരിലും 25ന് മലപ്പുറത്തും 27ന് കൊല്ലത്തും സിഎഎ വിരുദ്ധ റാലി സംഘടിപ്പിക്കും. ഇവിടെയെല്ലാം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകൻ.
അതിനിടെ സിഎഎ വിഷയത്തിൽ പാർലമെന്റിലെ ഇടപെടലുകളും സുപ്രീം കോടതിയിൽ നടത്തുന്ന നിയമപോരാട്ടവും എടുത്തു പറഞ്ഞ് വോട്ടർമാരെ സമീപിക്കാൻ മുസ്ലീം ലീഗ് നേതൃത്വം തീരുമാനിച്ചു. സിഎഎക്കെതിരെ മലപ്പുറമുൾപ്പെടെയുള്ള അഞ്ച് ജില്ലകളിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ബഹുജനറാലികൾ സംഘടിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് ലീഗീൻറെ നീക്കം. ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യം വെച്ചാണ് സിപിഎം റാലികൾ സംഘടിപ്പിക്കുന്നതെന്ന വിലയിരുത്തതിലാണ് ലീഗ്.