ന്യൂഡല്‍ഹി: മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റില്‍ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ പാർട്ടികൾ. ബിജെപി വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലത്തെ ഇപ്പോഴും പേടിക്കുന്നുവെന്നും അതിനാൽ എല്ലാ നിയമവിരുദ്ധ മാർഗങ്ങളിലൂടെയും പ്രതിപക്ഷ പാർട്ടി നേതാക്കളെ ലക്ഷ്യമിട്ടിരിക്കുകയാണെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു.
അതേസമയം പേടിച്ചരണ്ട സ്വേച്ഛാധിപതി ജനാധിപത്യം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്നും തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിമാരുടെ അറസ്റ്റും പതിവായിരിക്കുകയാണെന്നും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി പ്രതികരിച്ചു. ‘പേടിച്ചരണ്ട സ്വേച്ഛാധിപതി ജനാധിപത്യം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. മാധ്യമങ്ങളുള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളും പിടിച്ചടക്കി. പാര്‍ട്ടികളെ തകര്‍ക്കുക, കമ്പനികളില്‍ നിന്നും പണംതട്ടുക, മുഖ്യ പ്രതിപക്ഷത്തിന്റെ അക്കൗണ്ടുകള്‍ മരവിപ്പിക്കുക ഇതൊന്നും പോരാത്തതിന് ഇപ്പോൾ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിമാരുടെ അറസ്റ്റും പതിവായിരിക്കുകയാണെന്നും’- രാഹുല്‍ ഗാന്ധി എക്സില്‍ ട്വീറ്റ് ചെയ്തു