മണ്ണാർക്കാട്: കണ്ടമംഗലത്ത് പുറ്റാനിക്കാട്ടില്‍ വീടിനകത്ത് കയറിയ കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി. വീട്ടുകാരെ പരിഭ്രാന്തിയിലാക്കിയ പാമ്പിനെ ദ്രുതപ്രതികരണ സേന എത്തി അതിസാഹസികമായി പിടികൂടുകയായിരുന്നു. പുറ്റാനിക്കാട് ജുമാമസ്ജിദിന് സമീപമുള്ള കോഴിക്കോടന്‍ വീട്ടില്‍ ഹംസ മുസ്ലിയാരുടെ വീട്ടിലാണ് രാജവെമ്പാല കയറിയത്. ഗൃഹനാഥന്‍ നിസ്‌കാരം കഴിഞ്ഞ് പുറത്തുവരുമ്പോഴാണ് തുറന്നുകിടന്ന വാതിലിലൂടെ രാജവെമ്പാല ഹാളിനകത്തേക്ക് കയറിയത്.
ആളുകളെ കണ്ടതോടെ പാമ്പ് കോണിപ്പടിയുടെ അടിയില്‍ കയറിക്കൂടി. കൊച്ചു കുട്ടികളടക്കം വീട്ടിലുണ്ടായതിനാൽ രാജവെമ്പാലയെ കണ്ടതോടെ വീട്ടുകാരും പരിഭ്രമിച്ചു.വീട്ടുകാര്‍ ഉടന്‍ വനംവകുപ്പിനെ വിവരമറിയിച്ചു. തുടര്‍ന്ന് ദ്രുതപ്രതികരണ സേന എത്തിയാണ് രാജവെമ്പാലയെ പിടികൂടിയത്. ആദ്യമായിയാണ് ഈ പ്രദേശത്ത് രാജവെമ്പാലയെ കാണുന്നതെന്നും വീട്ടുകാർ പറയുന്നു.
മണ്ണാര്‍ക്കാട് ദ്രുതപ്രതികരണ സേനയിലെ വാച്ചര്‍മാരായ അന്‍സാര്‍, മരുതന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ നിതിന്‍, അഖില്‍ എന്നിവരുടെ നേതൃത്വത്തിലാണ് രാജവെമ്പാലയെ പിടികൂടിയത്. തുടര്‍ന്ന് പാമ്പിനെ ശിരുവാണി വനത്തില്‍ വിട്ടയച്ചു.