Kerala

‘കെ രാധാകൃഷ്ണന് ഉന്നത വിജയം സമ്മാനിക്കണം’- വോട്ടഭ്യർഥിച്ച് കലാമണ്ഡലം ​ഗോപി

തൃശൂർ: സുരേഷ് ​ഗോപി വിവാദത്തിനു പിന്നാലെ ആലത്തൂരിലെ സിപിഎം സ്ഥാനാർഥിയും ദേവസ്വം മന്ത്രിയുമായ കെ രാധാകൃഷ്ണനായി വോട്ട് അഭ്യർഥിച്ച് കലാമണ്ഡലം ​ഗോപി. വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം രാധാകൃഷ്ണനു വോട്ട് ചെയ്യണമെന്നു ആലത്തൂരിലെ വോട്ടർമാരോടു അഭ്യർഥിക്കുന്നതായി വ്യക്തമാക്കി രം​ഗത്തെത്തിയത്.

‘നമ്മുടെ ബഹുമാനപ്പെട്ട ദേവസ്വം മന്ത്രി ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ നിന്നു സ്ഥാനാർഥിയായി നിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്. മന്ത്രിയായിരിക്കെ അദ്ദേഹം ചെയ്ത കാര്യങ്ങൾ എന്തൊക്കെയാണെന്നു അറിയാവുന്ന മഹത് വ്യക്തികളാണ് നിങ്ങൾ എല്ലാവരും. ആലത്തൂരിലെ മഹാ പ്രതിഭകളായ ആളുകളോടു ഇതൊന്നും പറയേണ്ട ആവശ്യമില്ല. അല്ലാതെ തന്നെ അറിയാം. അലാത്തൂരിലെ നമ്മളെല്ലാവരും കൂടി അദ്ദേഹത്തിനെ ഉന്നത വിജയത്തിലേക്ക് എത്തിക്കണം എന്നു അഭ്യാർഥിക്കുന്നു.’

‘ഞാൻ കലാമണ്ഡലത്തിൽ അധ്യാപകനായിരിക്കുന്ന കാലത്തു തന്നെ അദ്ദേഹം കലാമണ്ഡലവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന വ്യക്തിയാണ്. ചേലക്കരയിൽ നിന്നു വിജയിക്കുമ്പോഴൊക്കെയും കലാമണ്ഡലത്തിലെ ഓരോരോ പ്രവർത്തനങ്ങളും മുന്നിട്ടു നിന്നു ഉത്സാഹിച്ചു ചെയ്യുമായിരുന്നു. അന്നും ഇന്നും ഞങ്ങൾ അങ്ങേയറ്റത്തെ സുഹൃത്തുക്കളാണ്. എന്നും അങ്ങനെയാണ് പ്രവർത്തിച്ചിട്ടുള്ളത്.’

‘അദ്ദേഹത്തിന്റെ സ്വഭാവത്തെ സംബന്ധിച്ചും പ്രവർത്തിയെ സംബന്ധിച്ചും ജനങ്ങളോടുള്ള പെരുമാറ്റത്തെ സംബന്ധിച്ചും എനിക്ക് നല്ലപോലെ ബോധ്യമുണ്ട്. ആ ബോധ്യത്തിന്റെ പുറത്താണ് ഇത്രയും ധൈര്യ സമേതം വോട്ടപേക്ഷിക്കുക എന്ന പേരിൽ നിങ്ങളെ അഭിമുഖീകരിക്കുന്നത്.’

അഭിപ്രായം വ്യക്തിപരമാണെന്നു വ്യക്തമാക്കിയാണ് അദ്ദേഹം വീഡിയോ അവസാനിപ്പിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top