ത്യശ്ശൂർ : പൗരത്വ ഭേദഗതി നിയമം (സിഎഎ) കേരളത്തിലും നടപ്പാക്കേണ്ടി വരുമെന്ന് ബിജെപി നേതാവും എൻഡിഎ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി. നിയമം നടപ്പിലാക്കില്ലാ എന്ന് പറഞ്ഞ് മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിഎഎ കേരളത്തിന്‍റെ മാത്രമല്ല രാജ്യത്തിന്റെ ആവശ്യമാണ്.കേരളത്തിൽ നടപ്പാക്കുമോയെന്ന് കാത്തിരുന്ന് കാണമെന്നും സുരേഷ് ഗോപി പറഞ്ഞു
‘എന്നായാലും വരേണ്ടതുതന്നെയാണ്. അതു വന്നു. ദാരിദ്ര്യനിർമാർജനം ഈ രാജ്യത്തിന്റെ മുഴുവൻ ജനതയുടെയും ആവശ്യമാണ്. ആത്യന്തികമായി നടപ്പാകാൻ പോകുന്നത് ദാരിദ്ര്യനിർമാർജനമാണ്. ഇതിനു സിഎഎ അനിവാര്യമാണ്. നിങ്ങളെയിങ്ങനെ പറഞ്ഞ് പറ്റിക്കാൻ മുഖ്യമന്ത്രിക്ക് എങ്ങനെ കഴിയുന്നു’ എന്നും അദ്ദേഹം ചോദിച്ചു. കേരളത്തിൽ പൗരത്വ ഭേദഗതി നിയമം ആവേശത്തോടെ സ്വീകരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് സിഎഎ ഉറപ്പായും ഗുണം ചെയ്യും. എന്നാൽ തിരഞ്ഞെടുപ്പിനല്ല രാജ്യത്തിന് ഗുണം ചെയ്യാനാണ് സിഎഎ കൊണ്ടുവരുന്നതെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സുരേഷ് ഗോപി മാധ്യമങ്ങളോടു പ്രതികരിച്ചു.