ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷവിമർശനവുമായി തമിഴ് നടനും തമിഴക വെട്രി കഴകം പ്രസിഡന്റുമായ വിജയ്. സിഎഎ നടപ്പിലാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും നിയമം നടപ്പിലാക്കുന്നില്ലെന്ന് ഭരണകർത്താക്കൾ ഉറപ്പാക്കണമെന്നും വിജയ് പറഞ്ഞു. എക്സിൽ പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് വിജയ് പ്രതികരിച്ചത്.
‘പൗരത്വ ഭേദഗതി നിയമം സാമൂഹിക ഐക്യം തകർക്കും. തമിഴ്നാട്ടിൽ ഈ നിയമം നടപ്പിലാക്കുന്നില്ലെന്ന് ഭരണകർത്താക്കൾ ഉറപ്പാക്കണം. രാജ്യത്തെ ജനങ്ങളുടെ ഐക്യത്തെ തകർക്കുന്ന സിഎഎ പോലുള്ള ഒരു നിയമങ്ങളും നടപ്പാക്കപ്പെടരുത്’, വിജയ് കുറിച്ചു.