കോഴിക്കോട്: കഴിഞ്ഞ ദിവസം വടകരയിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന് ലഭിച്ച സ്വീകരണത്തില്‍ പ്രതികരണവുമായി കെ ടി ജലീല്‍. വടകരയില്‍ കണ്ട ജനക്കൂട്ടം കണ്ട് ആരും തിളക്കണ്ട. അത് ലീഗിന്റെ പണത്തിന്റെ പുളപ്പാണെന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ജലീല്‍ കുറിച്ചത്. വടകരയില്‍ കെ കെ ശൈലജ തന്നെ വിജയിക്കും. ഷാഫി പാലക്കാട് തന്നെ തിരിച്ചെത്തുമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.
‘അറുപതിനായിരത്തിലധികം വോട്ടുകള്‍ക്ക് മട്ടന്നൂരില്‍ ജയിച്ച ശൈലജ ടീച്ചര്‍ പോന്നപ്പോള്‍ ആരും കരഞ്ഞില്ല. 3500 വോട്ടിന് ജയിച്ച പാലക്കാട് എംഎല്‍എ വടകരയിലേക്ക് വന്നപ്പോള്‍ പാലക്കാട്ടുകാര്‍ മുഴുവന്‍ കരഞ്ഞുവെന്നാണ് വീമ്പു പറച്ചില്‍. ശൈലജ ടീച്ചറോട് മത്സരിച്ച് തോറ്റ് തൊപ്പിയിടാന്‍ വേണ്ടി പോകുന്നതിനാണ് ആളെ വേഷം കെട്ടിച്ച് വിതുമ്പിച്ചതെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കാണറിയാത്തത്? പുതുപ്പള്ളിയില്‍ നിന്ന് ഉമ്മന്‍ചാണ്ടി മണ്ഡലം മാറുന്നുവെന്ന് പ്രചരിപ്പിച്ചുണ്ടാക്കിയ നാടകത്തിന്റെ തനിയാവര്‍ത്തനമാണ് പാലക്കാട് നടന്നത്’, ജലീല്‍ പറയുന്നു.