തിരുവനന്തപുരം : ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരം സംബന്ധിച്ച വിഷയത്തിൽ ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാറിനെതിരേ പ്രത്യക്ഷസമരത്തിന് സിഐടിയു. പുതിയ മാതൃകയിലുള്ള ഡ്രൈവിങ് ടെസ്റ്റ് മേയ് മുതൽ പ്രാവർത്തികമാക്കുമെന്നാണ് ഗതാഗതവകുപ്പ് പറയുന്നത്. അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് സിഐടിയു രംഗത്തെത്തിയതാണ് പോര് മുറുകാൻ കാരണം.
ദിവസം 50 പേർക്കു മാത്രം ഡ്രൈവിങ് ടെസ്റ്റ് എന്ന പരിഷ്കാരം സിഐടിയു അടക്കമുള്ള സംഘടനകളുടെ പ്രതിഷേധത്തിന്റെ ഭാഗമായി പിൻവലിച്ചിരുന്നു. തത്കാലം പിൻവലിച്ചെങ്കിലും പരിഷ്കരണനടപടിയുമായി മുന്നോട്ടു പോകാനാണ് മന്ത്രിയുടെ തീരുമാനം.
കഴിഞ്ഞ ദിവസം തൃശ്ശൂരിൽ ചേർന്ന ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് യൂണിയൻ (സിഐടിയു) സംസ്ഥാന കൺവെൻഷനിൽ മന്ത്രി ഗണേഷ് കുമാറിനെതിരേ രൂക്ഷവിമർശനമുയർന്നു.