കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി പാർട്ടി പറഞ്ഞതു കൊണ്ട് മത്സരിക്കുന്നുവെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. എങ്ങനെയുണ്ട് ഞങ്ങളുടെ അഭ്യാസം എന്നായിരുന്ന പട്ടികയിലെ സർപ്രൈസിനെക്കുറിച്ച് സുധാകരൻ പറഞ്ഞത്. കോൺഗ്രസ് സ്ഥാനാർഥികളുടെ കാര്യത്തിൽ സർപ്രൈസ് ഉണ്ടാകുമെന്ന് മുൻപേ പറഞ്ഞത് ഇപ്പോൾ യാഥാർഥ്യമായില്ലേയെന്നും സുധാകരൻ ചോദിച്ചു. ഓരോ പ്രദേശത്തിനും യോജിച്ച സ്ഥാനാർത്ഥികളെയാണ് നിയോഗിച്ചിരിക്കുന്നത്. ഒരാൾക്ക് ഒരു പദവി എന്നതിൽ പാർട്ടിയാണ് തീരുമാനം എടുക്കുന്നതെന്നും സുധാകരൻ പറഞ്ഞു.
ചില സ്ഥലങ്ങളിൽ സിറ്റിങ് എംപിമാരെ മാറ്റി മത്സരിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തം പൂർണമായും പാർട്ടിക്കായിരിക്കും. പാർട്ടിയുടെ എല്ലാ തലങ്ങളിലുമുള്ള സീനിയർ നേതാക്കളുമായും ചർച്ച നടത്തി ഫലപ്രദമായ രീതിയിലുള്ള ഒരു തീരുമാനമാണ് എടുത്തിരിക്കുന്നതെന്നും സുധാകരൻ വ്യക്തമാക്കി.