കൊച്ചി: ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ബലിതര്‍പ്പണം നടത്തി പിതൃസ്മരണ പുതുക്കി ആയിരക്കണക്കിന് വിശ്വാസികള്‍. വെള്ളിയാഴ്ച അര്‍ധരാത്രിയോടെ ആരംഭിച്ച ബലിതര്‍പ്പണം ഞായറാഴ്ച വരെ നീളും. കുംഭമാസത്തിലെ അമാവാസി അവസാനിക്കുന്ന ഞായറാഴ്ച ഉച്ചവരെ ബലിതര്‍പ്പണം തുടരും.
വെള്ളിയാഴ്ച രാവിലെ മുതല്‍ തന്നെ വലിയ തോതിലാണ് വിശ്വാസികള്‍ മണപ്പുറത്തേയ്ക്ക് ഒഴുകി എത്തിയത്. ദേവസ്വം ബോര്‍ഡിന്റെ 116 ബലിത്തറകളാണ് പുരോഹിതര്‍ ലേലത്തില്‍ എടുത്തത്. ഒരേസമയം 5000 പേര്‍ക്ക് ബലിയിടാനുള്ള സൗകര്യമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മണപ്പുറത്ത് തയ്യാറാക്കിയത്.
വെള്ളിയാഴ്ച രാവിലെ മുതല്‍ ക്ഷേത്രദര്‍ശനത്തിനും വന്‍ തിരക്ക് അനുഭവപ്പെട്ടു. റൂറല്‍ എസ്പി വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ 1250 പൊലീസുകാരാണ് സുരക്ഷ ഒരുക്കിയത്. ശനിയാഴ്ച പകല്‍ രണ്ടുവരെ ഗതാഗതനിയന്ത്രണം തുടരും. കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നടത്തി.