ന്യൂഡല്‍ഹി: കര്‍ഷക സമരത്തിനിടെ ഹരിയാനയില്‍ കര്‍ഷകന്‍ ശുഭ്കരന്‍ സിങ് മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവ്. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. റിട്ടയേഡ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ പഞ്ചാബ്- ഹരിയാന സംസ്ഥാനങ്ങളിലെ രണ്ട് എഡിജിപിമാരും ഉള്‍പ്പെടും.
സംഘത്തില്‍ ഉള്‍പ്പെടുത്തേണ്ട എഡിജിപിമാരുടെ പേര് ഇരു സംസ്ഥാനങ്ങളും ഇന്നുതന്നെ ഹൈക്കോടതിയെ അറിയിക്കാന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് ജി എസ് സന്ധാവാലിയ, ജസ്റ്റിസ് ലപിത ബാനര്‍ജി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ഹരിയാന സര്‍ക്കാരിനെ വിമര്‍ശിച്ച കോടതി, സമരക്കാര്‍ക്ക് നേരെ എന്തു തരം ബുള്ളറ്റുകളും പെല്ലറ്റുകളുമാണ് ഉപയോഗിച്ചതെന്ന് അറിയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സമരത്തില്‍ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചതിനും പ്രതിഷേധത്തിന് സ്ത്രീകളെയും കുട്ടികളെയും കവചമായി ഉപയോഗിച്ചതിനും കര്‍ഷകരെയും കോടതി വിമര്‍ശിച്ചു. കര്‍ഷക സമരത്തിനിടെ ഹരിയാനയിലെ ഖനൗരി അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് കര്‍ഷകന്‍, 21 കാരനായ ശുഭ്കരന്‍ സിങ് കൊല്ലപ്പെടുന്നത്. പൊലീസിന്റെ വെടിയേറ്റാണ് ശുഭ്കരന്‍ മരിച്ചതെന്ന് കര്‍ഷകര്‍ ആരോപിച്ചിരുന്നു.