തിരുവനന്തപുരത്ത്: ബിജെപി അംഗത്വമെടുത്ത പത്മജ വേണുഗോപാൽ ഇന്ന് തിരുവനന്തപുരത്തെത്തും. രാവിലെ 11 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന പത്മജയെ ബിജെപി പ്രവർത്തകർ സ്വീകരിക്കും. ബിജെപി അംഗത്വമെടുത്ത പത്മജ വേണുഗോപാൽ പ്രകാശ് ജാവദേക്കർക്കൊപ്പമാണ് തിരുവനന്തപുരത്ത് എത്തുക. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ഇന്നലെ പത്മജയ്ക്ക് അംഗത്വം നൽകിയതും പ്രകാശ് ജാവദേക്കർ ആണ്.
കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ മുഖ്യ പ്രചാരകരിൽ ഒരാളാവുക എന്ന വലിയ ദൗത്യമാകും പത്മജയെ കാത്തിരിക്കുന്നത് എന്നാണ് സൂചന. സുരേഷ് ഗോപി മത്സരിക്കുന്ന തൃശൂർ അടക്കമുള്ള മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാകും പ്രവർത്തനം. ബിജെപി സംസ്ഥാന നേതൃത്വവുമായുള്ള ചർച്ചയ്ക്ക് ശേഷമായിരിക്കും ചുമതല തീരുമാനിക്കുക.
കെ കരുണാകരൻ്റെ മകൾ എന്നുള്ള പേര് ദേശീയ – സംസ്ഥാന തലങ്ങളിൽ നന്നായി ഉപയോഗപ്പെടുത്താനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിൻ്റെ തീരുമാനം. തിരഞ്ഞെടുപ്പിൽ മത്സരിച്ചില്ലെങ്കിൽ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് പ്രചാരണവുമായി പത്മജ സജീവമാകും. ഇന്ന് സംസ്ഥാന നേതൃത്വവുമായി ഇത് സംബന്ധിച്ച വിശദമായ ചർച്ച നടക്കും. അതിന് ശേഷം പത്മജ നാളെ കൊച്ചിയിൽ മടങ്ങിയെത്തും.