തിരുവനന്തപുരം: പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തില്‍ സഹോദരനും എംപിയുമായ കെ മുരളീധരനെതിരെ രൂക്ഷ വിമര്‍ശനവുമായി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. നാട്ടിലെ സ്ത്രീകളുടെ പക്വതയുടെ അളവെടുക്കുന്നതിനിടെ കെ മുരളീധരന്‍ സ്വന്തം വീട്ടിലെ കാര്യം അറിഞ്ഞില്ലെന്ന് ആര്യ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. കെ മുരളീധരന്‍ ആര്യാ രാജേന്ദ്രനെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശം വലിയ വിവാദമായിരുന്നു. അതിനുള്ള പരോക്ഷ മറുപടി കൂടിയാണ് ആര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്.
മേയര്‍ ആര്യാ രാജേന്ദ്രനെ കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ടെന്നും പക്ഷേ വായില്‍ നിന്ന് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ വര്‍ത്തമാനങ്ങളാണ് വരുന്നതെന്നുമായിരുന്നു മുരളീധരന്റെ പരിഹാസം. ഇങ്ങനെയാണ് പോകുന്നതെങ്കില്‍ മേയറെ നോക്കി ‘കനകസിംഹാസനത്തില്‍…’ എന്ന് തുടങ്ങുന്ന പാട്ട് പാടേണ്ടിവരുമെന്നും മുരളീധരന്‍ പരിഹസിച്ചിരുന്നു. പരാമര്‍ശം വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച മുരളീധരന്‍ ‘മേയര്‍ പക്വതയില്ലാതെ പെരുമാറുന്നുവെന്നാണ് ഉദ്ദേശിച്ചതെന്ന്’ വിശദീകരണം നല്‍കിയിരുന്നു. വിവാദ പരാമര്‍ശത്തില്‍ മുരളീധരനെതിരെ ആര്യാ രാജേന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.