ന്യൂഡൽഹി: കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേർന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് പത്മജ അംഗത്വം സ്വീകരിച്ചത്.ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ അടക്കമുള്ള നേതാക്കളുമായി ഇന്നലെ ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇന്ന് പാര്‍ട്ടി അംഗത്വമെടുക്കാന്‍ പത്മജ വേണുഗോപാല്‍ തീരുമാനിച്ചത്. കേരളത്തിൽ ഗവർണർ സ്ഥാനം ബിജെപി നേതൃത്വം വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുണ്ട്.
കഴിഞ്ഞ രണ്ട് ദിവസമായി പത്മജ വേണുഗോപാലാണ് കേരളാ രാഷ്ട്രീയത്തിലെ ശ്രദ്ധാ കേന്ദ്രം .കോൺഗ്രസുകാരുടെ മനസ്സിടിഞ്ഞെങ്കിലും മനസും ഭാവിയും ഇടിഞ്ഞത് മുൻ എം എൽ എ പി സി ജോര്‍ജിന്റേതാണ്.പ്രസ്താവന കൊണ്ട് രാഷ്ട്രീയ ശ്രദ്ധ നേടിയ പി സി ജോർജിന് ഇപ്പോൾ പ്രസ്താവന കൊണ്ടും പിടിച്ചു നിൽക്കാനാവാതെ സ്ഥിതിയാണ് സംജാതമായിട്ടുള്ളത് .തുഷാർ വെള്ളാപ്പള്ളിയെ കുറിച്ച് ചോദിച്ചപ്പോൾ അവൻ ആദ്യം അവന്റെ അപ്പനെ നന്നാക്കട്ടെ എന്നിട്ടാകാം എന്നെ നന്നാക്കാൻ വരുന്നതെന്ന പ്രസ്താവന പണ്ടൊക്കെ ആയിരുന്നെങ്കിൽ ഒരാഴ്ച രാഷ്ട്രീയ വെറുത്തങ്ങളിൽ ചർച്ച ആയിരുന്നേനെ.പക്ഷെ പത്മജ വന്നതോടെ ആ പ്രസ്താവനയൊന്നും വേണ്ടത്ര ചർച്ചാ വിഷയമായില്ല.
പത്മജ ബിജെപിയിലേക്ക് പോകുന്നു എന്ന അഭ്യൂഹം കുറെ ദിവസമായി പ്രചരിച്ചിരുന്നു. എന്നാല്‍ ഉച്ച കഴിഞ്ഞ് ഇത് നിഷേധിച്ച് പത്മജ ഫേസ്ബുക്ക് പോസ്റ്റിട്ടെങ്കിലും വൈകിട്ടോടെ ആ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.
അതിനിടയിലാണ് പത്മജ ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കുമെന്ന വാര്‍ത്ത പുറത്തുവന്നത്. ഭർത്താവ് വേണുഗോപാലാണ് പത്മജ ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്ക് ആദ്യം സ്ഥിരീകരണം നല്‍കിയത്.സഹോദരന് കെ മുരളീധരന് ഉള്‍പ്പെടെയുള്ളവര്‍ മത്സരരംഗത്ത് നില്ക്കുമ്പോൾ പത്മജയുടെ ഈ നീക്കം കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.