കാപ്പ നിയമം ലംഘിച്ചതിനെ തുടർന്ന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പെരുമ്പായിക്കാട്,പുല്ലരിക്കുന്ന് ഭാഗത്ത് പ്ലാക്കുഴി വീട്ടിൽ ( പൊൻകുന്നം പൊൻപാറ ഭാഗത്ത് വാടകയ്ക്ക് താമസം ) അരുൺ ബാബു (32) എന്നയാളെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം പത്തനാപുരം എക്സൈസ്, തിരുവനന്തപുരം കാട്ടാക്കട എക്സൈസ്, കോട്ടയം എക്സൈസ് എൻഫോഴ്‌സ്മെന്റ്, കോട്ടയം ഈസ്റ്റ്, കിടങ്ങൂർ, എന്നീ സ്റ്റേഷനുകളിൽ വിവിധ ക്രിമിനല്‍ കേസുകളിൽ പ്രതിയായ അരുൺ ബാബു ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആറുമാസത്തേക്ക് കാപ്പ നിയമനടപടി നേരിട്ടു വരികയായിരുന്നു.
ഇതിൻ പ്രകാരം ഇയാൾ ആഴ്ചയിൽ ഒരു ദിവസം കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്പി മുമ്പാകെ ഹാജരാകണമെന്ന ഉത്തരവ് നിലനിന്നിരുന്നു. എന്നാൽ ഇയാൾ ഇത് ലംഘിച്ചു കൊണ്ട് ഹാജരാകാതെ മുങ്ങി നടന്നതിനെ തുടർന്ന് പൊന്‍കുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ പിടികൂടുകയായിരുന്നു. ഇയാളെ പിടികൂടിയ സമയം ഇയാളുടെ പോക്കറ്റില്‍ നിന്നും പോലീസ് കഞ്ചാവ് കണ്ടെടുക്കുകയും ചെയ്തു. പൊന്‍കുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ ദിലീഷ്. റ്റി, എ.എസ്.ഐ തോംസൺ കെ.തോമസ്, സി.പി.ഓ രാജൻ.വി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.