Kerala

അനിൽ ആന്റണി വീട്ടിലെത്തിയപ്പോൾ മധുരം നൽകി പി സി ജോർജ് ;കാസയുടെ പിന്തുണ ഉറപ്പാക്കുമെന്ന് പി സി ജോർജ്

പത്തനംതിട്ട: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ അസംതൃപ്തി പരസ്യമാക്കിയ പി സി ജോര്‍ജിനെ അനുനയിപ്പിക്കാന്‍ ബിജെപി. പത്തനംതിട്ട ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി പി സി ജോര്‍ജിന്റെ പൂഞ്ഞാറിലെ വീട്ടിലെത്തി. പി സി ജോര്‍ജിന്റെ പിന്തുണ നേടിയ ശേഷം മണ്ഡല പര്യടനം തുടങ്ങുമെന്ന് നേരത്തെ അനില്‍ ആന്റണി അറിയിച്ചിരുന്നു. ബിജെപി നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം ജില്ലാ നേതാക്കള്‍ക്കൊപ്പമാണ് അനില്‍ ആന്റണി പി സി ജോര്‍ജിനെ കാണാനെത്തിയത്.

മധുരം നല്‍കിയാണ് പി സി ജോര്‍ജ് അനില്‍ ആന്റണിയെ സ്വീകരിച്ചത്. യാതൊരു വിട്ടുവീഴ്ച്ചയുമില്ലാത്ത മത്സരമായിരിക്കും പത്തനംതിട്ടയിലെന്ന് പി സി ജോര്‍ജ് പ്രതികരിച്ചു.

നല്ല മത്സരമായിരിക്കും. കാണിച്ചു തരാം ജയിക്കുന്നത് എങ്ങനെയാണെന്ന്. ക്രിസ്ത്യന്‍ പിന്തുണ ഉറപ്പാക്കും. ഞാനുമായി നേരിട്ടുള്ള ബന്ധമാണ്. അനില്‍ ആന്റണിക്ക് വേണ്ടി ഞാന്‍ പോകേണ്ടിടത്ത് ഞാന്‍ പോകും, പ്രവര്‍ത്തകര്‍ പോകേണ്ടിയിടത്ത് പ്രവര്‍ത്തകര്‍ പോകും. പലരോടും സംസാരിച്ചുകഴിഞ്ഞു. തര്‍ക്കങ്ങള്‍ പരിഹരിക്കും. കാസയുടെ പിന്തുണ ഉറപ്പാക്കും. പാര്‍ട്ടി തീരുമാനം എല്ലാവരും അംഗീകരിക്കണം. ആ മര്യാദ കാണിക്കണം’ പി സി ജോര്‍ജ് പ്രതികരിച്ചു.

‘എന്നെ പ്രേമിക്കുന്ന ഒത്തിരി ആളുകളുണ്ട്. എന്ത് ചെയ്യാം. എൻ്റെ പ്രവർത്തനം നല്ലതായത് കൊണ്ടാണ് എനിക്ക് വേണ്ടി ചിലർ കരയുന്നത്. മറ്റൊരു മണ്ഡലത്തിൽ മൽസരിക്കാൻ താനില്ലെന്നും പിസി ജോർജ്ജ് പറഞ്ഞു.

പത്തനംതിട്ടയില്‍ അനില്‍ ആന്റണിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതില്‍ പി സി ജോര്‍ജ് നീരസം പ്രകടിപ്പിച്ചിരുന്നു. അനില്‍ ആന്റണിയെ വോട്ടര്‍മാര്‍ക്ക് അറിയില്ല. പരിചയപ്പെടുക്കാനായി കുറേ ഓടേണ്ടി വരും എന്നായിരുന്നു പ്രതികരണം. മണ്ഡലത്തില്‍ പി സി ജോര്‍ജ് മത്സരിക്കുമെന്ന ശക്തമായ അഭ്യൂഹം ഉണ്ടായിരുന്നു. എന്നാല്‍ അഭ്യൂഹങ്ങളും പ്രചാരണങ്ങളും അപ്രസക്തമാക്കി സ്ഥാനാര്‍ത്ഥിയായി അനില്‍ ആന്‍റണിയെ പാര്‍ട്ടി നേതൃത്വം പ്രഖ്യാപിക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top