കൊല്ലം: കൊല്ലത്ത് തിരഞ്ഞെടുപ്പിനെ തന്ത്രപരമായ നീക്കത്തിൽ കയ്യിലെടുക്കാനുള്ള പുറപ്പാടിലാണ് ആർഎസ്പി. മുകേഷും എൻ കെ പ്രേമചന്ദ്രനും മത്സരക്കളത്തിലേക്കിറങ്ങുമ്പോൾ വോട്ടർമാരായ യുവാക്കളെ ആകർഷിക്കാനുള്ള ‘ടാക്റ്റിക് മൂവ്’ ആണ് ഇത്തവണ ആർഎസ്പി സ്വീകരിച്ചിരിക്കുന്നത്. ഇതിനായി തിയേറ്ററിൽ തരംഗമായ മലയാള ചിത്രം ‘പ്രമലു’വിനെയും പ്രേമചന്ദ്രനെയും ഒന്നിപ്പിച്ചതോടെ പോസ്റ്ററിന്റെ ഭാവം തന്നെ മാറി, ‘കൊല്ലത്തിന്റെ പ്രേമലു’ ആയി.
വ്യത്യസ്ത പോസ്റ്ററിറക്കാനുള്ള ആർഎസ്പി തീരുമാനത്തിന് പിന്നിൽ പാര്‍ട്ടി നേതാവും നിർമ്മാതാവുമായ ഷിബു ബേബി ജോണാണ്. ‘കൊല്ലത്തിന്റെ പ്രേമലു’ എൻ കെ പ്രേമചന്ദ്രനെ വിജയിപ്പിക്കുക എന്ന പേരിലുള്ള പോസ്റ്റർ കഴിഞ്ഞ ദിവസം ഷിബു ബേബി ജോൺ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരുന്നു. സോഷ്യൽ മീഡിയ, പോസ്റ്റർ ഏറ്റെടുത്തതോടെ കൊല്ലത്തിന്റെയല്ല, ഇത് കേരളത്തിന്റെ പ്രേമലു ആണെന്നാണ് കമന്റുകളെത്തുന്നത്.