കണ്ണൂർ: കണ്ണൂർ സീറ്റിൽ കെ.സുധാകരൻ നിർദേശിച്ച സ്ഥാനാർത്ഥിയെ കൂട്ടത്തോടെ എതിർത്ത് ജില്ലയിലെ നേതാക്കൾ. കെ. ജയന്ത് മത്സരിച്ചാൽ ജയസാധ്യത കുറവാണെന്ന് നേതാക്കൾ സുധാകരനെ അറിയിച്ചു.ജയന്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്. സുധാകരൻ കടുംപിടുത്തം തുടർന്നാൽ, കണ്ണൂരിലെ സ്ഥാനാർഥിയെ തീരുമാനിക്കൽ ഹൈക്കമാന്റിനും കടുപ്പമാകും.
കണ്ണൂർ സീറ്റിൽ യുഡിഎഫിന്‍റെ പ്രതീക്ഷയും പ്രശ്നവും മുഴുവൻ കെ.സുധാകരനെ ചുറ്റിപ്പറ്റിയാണ്.മത്സരിക്കാനില്ലെന്ന് തുടക്കത്തിൽ സുധാകരൻ വ്യക്തമാക്കിയതോടെ കണ്ണൂരിൽ കന്നിക്കാരന് അവസരമൊരുങ്ങിയതാണ്. അര ഡസനോളം പേരുകളും ഉയർന്നു. എന്നാൽ ഹൈക്കമാന്‍റ് പറഞ്ഞാൽ മത്സരിക്കുമെന്ന് സുധാകരൻ നിലപാട് മാറ്റി. സിപിഎം എം.വി.ജയരാജനെ ഇറക്കിയതോടെ സീറ്റ് നിലനിർത്താൻ സുധാകരൻ തന്നെ വേണമെന്ന് എഐസിസിയും നിർദേശിച്ചു.എന്നാൽ സുധാകരൻ വീണ്ടും ഇടഞ്ഞു. കെപിസിസി അധ്യക്ഷ പദവിയും ആരോഗ്യപ്രശ്നവും കണക്കിലെടുത്ത് മത്സരത്തിനില്ലെന്ന് വീണ്ടും കടുപ്പിച്ചു. മോശം എംപിയെന്ന പ്രചാരണവും ഉൾപ്പാർട്ടി സമവാക്യങ്ങളും കാരണമായി. ഇതോടെ വീണ്ടും സീറ്റ് മോഹികൾ ഉണർന്നു. കെപിസിസി ജനറൽ സെക്രട്ടറി കെ.ജയന്തിനായി സുധാകരൻ നിലയുറപ്പിച്ചു.