കോഴിക്കോട്: കൊയിലാണ്ടിയിൽ സിപിഎം ലോക്കൽ സെക്രട്ടറി സത്യനാഥനെ ഉത്സവപറപ്പിൽവച്ച് വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതി അഭിലാഷിനെ തെളിവെടുപ്പിന് എത്തിച്ചു. കൊലപാതകം നടന്ന പെരുവട്ടൂർ ചെറിയപുരം ക്ഷേത്ര പരിസരത്ത് എത്തിച്ചായിരുന്നു തെളിവെടുപ്പ്. വൻ പോലീസ് സന്നാഹത്തോടെയാണ് പ്രതിയെ കൊണ്ടുവന്നത്. സംഭവ സ്ഥലത്തു നിന്ന് പ്രതിയുടെ മൊബൈൽ ഫോൺ കണ്ടെത്തി.
സത്യനാഥിനോടുള്ള വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് അഭിലാഷ് നേരത്തെ മൊഴി നൽകിയിരുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം ഒന്നരക്കൊല്ലം ഗൾഫിലായിരുന്നു. തിരിച്ചുവരുമ്പോൾ വാങ്ങിയ കത്തി ഉപയോഗിച്ചാണ് സത്യനാഥിനെ ആക്രമിച്ചത്. ഉത്സവത്തിനിടെ ഗാനമേള ആസ്വദിക്കുകയായിരുന്ന സത്യനാഥിനെ പിന്നിലൂടെ വന്ന് കഴുത്തിൽ കത്തി ഉപയോഗിച്ച് ആഴത്തിൽ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവ ശേഷം അഭിലാഷ് സ്ഥലത്തു നിന്ന് കടന്നു കളഞ്ഞു.
കുത്താനുപയോഗിച്ച കത്തി സമീപത്തെ പറമ്പിലുപേക്ഷിച്ച് കൊയിലാണ്ടി പൊലീസിൽ പ്രതി കീഴടങ്ങുകയായിരുന്നു. മറ്റ് പാർട്ടിക്കാരിൽ നിന്ന് മർദ്ദനമേറ്റപ്പോൾ സത്യനാഥൻ കുറ്റപ്പെടുത്തിയെന്നും പാർട്ടിയിൽ നിന്ന് പരിഗണന ലഭിച്ചില്ലെന്നുമാണ് കൊലപാതക കാരണമായി അഭിലാഷ് പൊലീസിനോട് പറഞ്ഞത്. പാർട്ടി വിരുദ്ധ പ്രവർത്തനത്തെ തുടർന്ന് എട്ട് വർഷം മുൻപ് അഭിലാഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നിലും സത്യനാഥാണെന്ന് അഭിലാഷ് കരുതി. ഈ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.