മുബൈ: വിമാനത്താവളത്തിൽ വീൽചെയർ നൽകാതെ കുഴഞ്ഞുവീണ് വയോധികൻ മരിച്ചതിനെ തുടർന്ന് എയർ ഇന്ത്യയ്ക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) 30 ലക്ഷം രൂപ പിഴ ചുമത്തി. മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫെബ്രുവരി 16നാണ് സംഭവം നടന്നത്. തുടർന്ന് ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എയർലൈനിനോട് ആവശ്യപ്പെട്ടിരുന്നു.
ന്യൂയോർക്കിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിലാണ് വൃദ്ധദമ്പതികൾ മുംബൈ വിമാനത്താവളത്തിലെത്തിയത്. ഇരുവരും വീൽ ചെയർ നേരത്തെ ബുക്ക് ചെയ്തിരുന്നെങ്കിലും ഭാര്യക്ക് മാത്രമാണ് വീൽചെയർ നൽകിയത്. മറ്റൊന്ന് ലഭ്യമാകുന്നതുവരെ കാത്തിരിക്കാൻ ജീവനക്കാർ അദ്ദേഹത്തോട് ആവശ്യപ്പെട്ടതായും എയർലൈൻ അറിയിച്ചു. എന്നാൽ അദ്ദേഹം ഭാര്യയെ വീൽചെയറിലിരുത്തി വിമാനത്തിൽ നിന്ന് ടെർമിനലിലേക്ക് നടക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് എയർലൈൻ പ്രതികരിച്ചു. വിമാനത്തിൽ നിന്ന് എമിഗ്രേഷൻ കൗണ്ടറിലേക്ക് നടക്കവെയാണ് യാത്രക്കാരൻ കുഴഞ്ഞു വീണ് മരിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.