കണ്ണൂരിൽ സ്ഥാനാർത്ഥിയാകാൻ താൽപര്യമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. വിസമ്മതം അറിയിച്ച സുധാകരൻ പകരക്കാരനായി കെ ജയന്തിന്റെ പേരാണ് നേതൃത്വത്തോട് നിർദേശിച്ചിരിക്കുന്നത്. എങ്കിലും പാര്‍ട്ടി നിര്‍ബന്ധിക്കുകയാണെങ്കില്‍ കണ്ണൂരില്‍ മല്‍സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.പി.സി.സി ജനറൽ സെക്രട്ടറിയും സുധാകരന്റെ വിശ്വസ്തനുമാണ് ജയന്ത്. യൂത്ത് കോൺഗ്രസ് നേതാവ് വി.പി. അബ്ദുൽ റഷീദും പകരക്കാരനായി പട്ടികയിലുണ്ട്. അന്തിമ തീരുമാനം ഹൈക്കമാന്ഡിന് വിടാനാണ് സാധ്യത. മത്സരിക്കാനില്ലെന്ന കാര്യം വി.ഡി. സതീശനെയാണ് കെ. സുധാകരൻ ആദ്യം അറിയിച്ചത്. തുടർന്ന് എം.എം. ഹസൻ, രമേശ് ചെന്നിത്തല എന്നിവരോടും ഈ വിവരം പങ്കുവെച്ചിട്ടുണ്ടെന്നാണ് വിവരം.
അതേസമയം കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണയ ചർച്ചകളുടെ ഭാഗമായി ഇന്ന് സ്ക്രീനിങ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, സ്ക്രീനിങ് കമ്മിറ്റി അംഗങ്ങളായ ഹരീഷ് ചൗധരി, വിശ്വജിത് കദം എന്നിവർ പങ്കെടുക്കുന്ന യോഗം ഇന്ന് കെ.പി.സി.സി ആസ്ഥാനത്താണ് ചേരുക.