ചെന്നൈ: തമിഴ് മാനില കോൺഗ്രസ് (ടി.എം.സി.) ബി.ജെ.പി.യുമായി സഖ്യം പ്രഖ്യാപിച്ചു. അണ്ണാ ഡി.എം.കെ.യുമായുള്ള ബന്ധമുപേക്ഷിച്ചാണ് മുൻ കേന്ദ്രമന്ത്രി ജി.കെ. വാസന്റെ നേതൃത്വത്തിലുള്ള ടി.എം.സി. എൻ.ഡി.എ. സഖ്യത്തിൽ ചേർന്നത്. തമിഴ്‌നാടിന്റെ വളർച്ച ലക്ഷ്യമാക്കിയാണ് ബി.ജെ.പി.യുമായി കൈകോർക്കുന്നതെന്ന് വാസൻ പറഞ്ഞു. സഖ്യധാരണയ്ക്ക് പിന്നാലെ പാർട്ടി സെക്രട്ടറി ടി.എൻ. അശോകൻ ടി.എം.സി.യിൽനിന്ന് രാജിവെച്ചു. നിലവിലെ സാഹചര്യത്തിൽ ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് അശോകൻ പറഞ്ഞു.
പാർട്ടി യുവജന വിഭാഗം സെക്രട്ടറി യുവരാജും ബി.ജെ.പിയുമായുള്ള ബന്ധത്തിൽ അസംതൃപ്തനാണ്. അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുമായി യുവരാജ് തിങ്കളാഴ്ച ചർച്ച നടത്തി. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയും വാസനും സംയുക്തമായി വാർത്താസമ്മേളനം നടത്തി സഖ്യം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് യുവരാജ് സേലത്ത് പളനിസ്വാമിയുമായി കൂടിക്കാഴ്ച നടത്തിയത്.
കഴിഞ്ഞ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ അണ്ണാ ഡി.എം.കെ.യും ടി.എം.സി.യും ബി.ജെ.പി.യും ഒരേ സഖ്യത്തിലായിരുന്നു.