Kerala

ഭാര്യയും കുട്ടികളുമുണ്ടെന്ന് ടി പി കേസ് പ്രതികൾ;ശിക്ഷ കൂട്ടരുത്;കുറച്ചു തരണമെന്നും പ്രതികൾ;കേസുമായി ബന്ധമൊന്നുമില്ലെന്നു കൊടി സുനി

കൊച്ചി: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ വധശിക്ഷ നൽകാതിരിക്കാൻ പ്രതികൾ ഓരോരുത്തരോടായി കോടതി കാരണം ചോദിച്ചു. കേസിൽ പ്രതികളെ കുറ്റക്കാരെന്ന് വിധിച്ച ശേഷം ശിക്ഷ വിധിക്കുന്നതിന്റെ ഭാഗമായാണ് ഹൈക്കോടതി നടപടി. പ്രതികളെ ഓരോരുത്തരെയായി ഹൈക്കോടതിയിലെ പ്രതികളുടെ കൂട്ടിലേക്ക് വിളിച്ചായിരുന്നു കോടതി ചോദിച്ചത്. വധശിക്ഷയോ അതിനടുത്ത ശിക്ഷയോ നൽകാതിരിക്കാൻ എന്തെങ്കിലും പറയാനുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ടിപി ചന്ദ്രശേഖരന്റെ വിധവയും എംഎൽഎയുമായ കെകെ രമ വിധി കേൾക്കാൻ കോടതിയിൽ നേരിട്ട് എത്തി.

താൻ നിരപരാധി എന്നായിരുന്നു ഒന്നാം പ്രതി എം സി അനൂപ് കോടതിയോട് മറുപടി പറഞ്ഞത്. ശിക്ഷ കൂട്ടരുതെന്നും ഭാര്യയും കുട്ടികളും ഉണ്ടെന്നും പ്രതി പറഞ്ഞു. വധശിക്ഷയ്ക്ക്‌ വിധിക്കരുതെന്നും വീട്ടിൽ മറ്റാരും ഇല്ലെന്നും അയാൾ ആവശ്യപ്പെട്ടു. നിരപരാധിയാണ് താനെന്ന് രണ്ടാം പ്രതി കിർമാണി മനോജും കോടതിയിൽ പറഞ്ഞു. പ്രായമായ അമ്മ മാത്രമാണ് വീട്ടിലുള്ളതെന്നും ശിക്ഷ വര്‍ധിപ്പിക്കരുതെന്നും ഇയാൾ ആവശ്യപ്പെട്ടു. ശിക്ഷ ഇളവ് ചെയ്യണം എന്നും പ്രതി ആവശ്യപ്പെട്ടു.

കേസിൽ അടുത്തിടെ ഹൈക്കോടതി കുറ്റക്കാരനെന്ന് വിധിച്ച 12ാം പ്രതി ജ്യോതി ബാബു ഒഴികെ മറ്റെല്ലാവരും ഇന്ന് കോടതിയിൽ നേരിട്ട് ഹാജരായി. ഡയാലിസിസ് ഇന്ന് വൈകിട്ട് മൂന്നിന് നടത്താനുള്ളതിനാലാണ് ജ്യോതി ബാബു കോടതിയിൽ ഹാജരാകാതിരുന്നത്. ഇയാളെ ഓൺലൈനായി ഹാജരാക്കി. നടക്കാൻ പോലും പറ്റാത്ത ആരോഗ്യ പ്രശ്നമാണ് തനിക്കെന്നും വീട്ടിൽ ഭാര്യക്കും മകനും അസുഖം ഉണ്ട്. അനുജൻ കൊല ചെയ്യപ്പെട്ടതാണ്. അനുജന്റെ കുടുംബത്തിന്റെയും ഉത്തരവാദിത്തം തനിക്കാണെന്നും ജ്യോതി ബാബു കോടതിയിൽ പറഞ്ഞു.

കേസുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു കേസിലെ മുഖ്യപ്രതികളിൽ ഒരാളായ കൊടി സുനിയുടെ മറുപടി. പ്രായമായഅമ്മ മാത്രമേ ഉള്ളൂവെന്നും ശിക്ഷ വർധിപ്പിക്കണം എന്ന സർക്കാരിൻ്റെയും രമയുടെയും ആവശ്യത്തിൽ ഒന്നും ബോധിപ്പിക്കാനില്ലെന്നും ഇയാൾ പറഞ്ഞു. ടിപി കേസിന്റെ ഭാഗമായി തടവിൽ കഴിയവേ പോലീസ് മർദ്ദനത്തെ തുടര്‍ന്ന് ഗുരുതര ആരോഗ്യ പ്രശ്നം ഉണ്ടെന്നാണ് ടികെ രജീഷ് കോടതിയിൽ പറഞ്ഞത്.

ശിക്ഷാ കാലയളവിൽ പ്ലസ് ടു പാസായി ഡിഗ്രിക്ക് അഡ്മിഷൻ എടുത്തതിനാൽ ശിക്ഷയിൽ ഇളവ് വേണമെന്നായിരുന്നു ഷാഫിയുടെ ആവശ്യം. നിരപരാധിയാണെന്നും ഭാര്യയും കുട്ടിയുമുണ്ടെന്നും പറഞ്ഞ സിജിത്ത് ജയിലിൽ നിന്ന് പുറത്തിറങ്ങി ഭാര്യക്കും കുട്ടിക്കുമൊപ്പം ജീവിക്കാൻ അവസരം നൽകണമെന്നും പറഞ്ഞു. പന്ത്രണ്ട് വർഷമായി ജയിലിലാണെന്നും പരമാവധി ശിക്ഷ കുറച്ചുതരണമെന്നും ഇയാൾ ആവശ്യപ്പെട്ടു.

രാഷ്ട്രീയ സാമൂഹിക പ്രവർത്തകനാണെന്നായിരുന്നു ശിക്ഷാ ഇളവ് തേടി കെസി രാമചന്ദ്രൻ പറഞ്ഞത്. രാഷ്ട്രീയ പകപോക്കലിൻ്റെ പേരിലാണ് തന്നെ കേസിൽ കുടുക്കിയത്. ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞതാണ്. വലത് കണ്ണിന് കാഴ്ച നഷ്ടപ്പെട്ടു. പൊലീസ് മർദനത്തിൻ്റെ ഭാഗമായി നട്ടെല്ലിന് പരിക്കുണ്ട്. പരിയാരം മെഡിക്കൽ കോളജിൽ സർജറി തീരുമാനിച്ചിരിക്കുകയാണ്.

ജയിലിനകത്ത് വെച്ചോ പരോളിൽ ഇറങ്ങിയപ്പൊഴോ തനിക്കെതിരെ പരാതികളില്ല. വൃദ്ധ ജനങ്ങളെ സംരക്ഷിക്കാൻ പകൽ വീട് തന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ടെന്നും നിരപരാധിയാണെന്നും കെസി രാമചന്ദ്രൻ കോടതിയോട് പറഞ്ഞു.കുറ്റം ചെയ്തിട്ടില്ലെന്നും 78 വയസായെന്നും ഗുരുതര ആരോഗ്യ പ്രശ്നം ഉണ്ടെന്നും കെകെ കൃഷ്ണൻ പറഞ്ഞു. ദൈനം ദിന കാര്യങ്ങൾ ചെയ്യാൻ പോലും പര സഹായം ആവശ്യമുണ്ടെന്നും കോടതിയിൽ കൃഷ്ണൻ പറഞ്ഞു. മക്കളും ഭാര്യയും മാത്രമാണുള്ളതെന്നും വേറെ ആരുമില്ലെന്നും പറഞ്ഞ റഫീഖ്, കേസുമായി ബന്ധവുമില്ലെന്നും പറഞ്ഞു. രാഷ്ട്രീയ ബന്ധവും തനിക്കില്ലെന്നും ടാക്സി ഡ്രൈവര്‍ മാത്രമാണെന്നും അയാൾ കോടതിയിൽ അറിയിച്ചു.

തുടര്‍ന്ന് പ്രതികളുടെ മാനസിക ശാരീരിക പരിശോധനാ ഫലം, ജയിലിലെ പെരുമാറ്റ രീതി എന്നിവ അടങ്ങിയ റിപ്പോർട്ട് സര്‍ക്കാരിന്റെ അഭിഭാഷകൻ കോടതിക്ക് കൈമാറി. പ്രതികളുടെ ശിക്ഷ ഉയർത്തുന്നതിന് മുൻപ് വാദം കേൾക്കണമെന്ന പ്രതിഭാഗം  ആവശ്യം കോടതി അംഗീകരിച്ചു. പ്രോസിക്യൂഷൻ സമര്‍പ്പിച്ച രേഖകൾ നൽകണമെന്നും പ്രതികൾ കോടതിയിൽ ആവശ്യപ്പെട്ടു. രേഖകളുടെ പകർപ്പ് പ്രതിഭാഗത്തിനും പ്രോസിക്യൂഷനും നൽകാൻ കോടതി നിർദേശിച്ചു. പിന്നാലെ കേസ് നാളത്തേക്ക് മാറ്റി. നാളെ 10.15 നു തന്നെ പ്രതികൾ കോടതിയിൽ ഹാജരാകണമെന്ന് പറഞ്ഞ കോടതി, ഉച്ചയ്ക്ക് ശേഷം ഉത്തരവ് പുറപ്പെടുവിക്കാനാണ് സാധ്യത.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top