Kerala

ചിരിയുടെ തമ്പുരാൻ :കുതിരവട്ടം പപ്പു വിടപറഞ്ഞിട്ട് 24 വര്‍ഷങ്ങള്‍ പിന്നിടുന്നു

പത്മദളാക്ഷന്‍ എന്ന നടനെ ആര്‍ക്കും അറിയാന്‍ സാധ്യതയില്ല. എന്നാല്‍ കുതിരവട്ടം പപ്പു മലയാളികളുടെ ഹൃദയത്തില്‍ പതിഞ്ഞ പേരും മുഖവുമാണ്.
എത്ര ആവൃത്തി പറഞ്ഞാലും മടുക്കാത്ത നിരവധി ഡയലോഗുകളാണ് കുതിരവട്ടം പപ്പു എന്ന കലാകാരനെ അടയാളപ്പെടുത്തുന്നത്.

കോഴിക്കോടന്‍ ഭാഷയിലെ തനിമയാര്‍ന്ന സംഭാഷണങ്ങള്‍ കൊണ്ട് മൂന്നു പതിറ്റാണ്ട്, പപ്പു മലയാള സിനിമയില്‍ നിറഞ്ഞുനിന്നു. അനേകം മലയാള സിനിമകളിലെ അവിസ്മരണീയമായ നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി മലയാളി പ്രേക്ഷകര്‍ക്കിടയില്‍ നിത്യമായ മതിപ്പ് സൃഷ്ടിച്ച കുതിരവട്ടം പപ്പു വിടപറഞ്ഞിട്ട് 24 വര്‍ഷങ്ങള്‍ പിന്നിടുകയാണ്.

താമരശ്ശേരി ചുരം.. ദാസപ്പൊ.. ടാസ്‌ക്കി വിളിയെടാ.. പടച്ചോനേ ഇങ്ങള് കാത്തോളീ.. തൊറക്കൂല.. തൊറക്കൂലടാ പട്ടി.. ഇങ്ങനെ തുടങ്ങി മലയാളി ഒരിക്കലും മറക്കാത്ത നിരവധിയേറെ ഹാസ്യ ഡയലോഗുകള്‍ പപ്പുവിന്റെ സംഭാവനയാണ്. തിരക്കഥയില്‍ സ്വാഭാവികമായി പറഞ്ഞുപോകുന്ന ചില ഡയലോഗുകള്‍, വേറിട്ട സംസാരശൈലിയിലൂടെ അദ്ദേഹം അനശ്വരമാക്കുകയിരുന്നു. തേന്‍മാവിന്‍ കൊമ്പത്തിലെ താനാരാണെന്ന് തുടങ്ങുന്ന ഡയലോഗും ‘വെള്ളാനകളുടെ നാട്ടി’ലെ ‘താമരശേരി ചുരം’ എന്ന് തുടങ്ങുന്ന ഡയലോഗും ‘മണിചിത്രത്താഴി’ലെ വട്ടുണ്ടോ എന്ന് സംശയിക്കുന്ന കാട്ടുപറമ്പനെയും സിനിമാപ്രേമികള്‍ക്ക് ഇന്നും പ്രിയങ്കരമാണ്.

മണിച്ചിത്രത്താഴിലെ കാട്ടുപ്പറമ്പന്‍, ആറാം തമ്പുരാനിലെ മംഗലം, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നുവിലെ കോമക്കുറുപ്പ് എന്നീ കഥാപാത്രങ്ങളും പപ്പുവിന്റെ കയ്യില്‍ ഭദ്രമായിരുന്നു. എന്നുമാത്രമല്ല അഭ്രപാളിയില്‍ പപ്പു എന്ന കലാകാരന്‍ ആടിത്തിമിര്‍ത്ത കഥാപാത്രങ്ങളിലൊന്നും മലയാളി സിനിമ പ്രേമികള്‍ക്ക് മറ്റൊരു താരത്തെ ചിന്തിക്കാന്‍ പോലും സാധിക്കുമായിരുന്നില്ല.

1963-ല്‍ രാമു കാര്യാട്ടിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ മൂടുപടം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയെങ്കിലും ഭാര്‍ഗവി നിലയത്തിലെ വേഷമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറാണ് ഭാര്‍ഗവീനിലയത്തിലെ കുതിരവട്ടം പപ്പു എന്ന കഥാപാത്രത്തിന്റെ പേര് നല്‍കിയത്. പിന്നീട് മലയാളത്തിലെ ഒരു കാലഘട്ടത്തിലെ ഹാസ്യത്തിന്റെ പര്യായമായി പപ്പു മാറുകയായിരുന്നു. 37 വര്‍ഷം വെള്ളിത്തിരയില്‍ സജീവ സാന്നിധ്യമായിരുന്ന പപ്പു ആയിരത്തിലധികം സിനിമകളില്‍ വേഷമിട്ടു. ഓരോ കഥാപാത്രത്തിലും അയാള്‍ സ്വയം പരിഷ്‌കരിച്ച് മുന്നേറുകയായിരുന്നു. 2000-ല്‍ പുറത്തിറങ്ങിയ ഷാജി കൈലാസ് ചിത്രം നരസിംഹമായിരുന്നു അവസാന ചിത്രം. കാലാനുസൃതമായി സിനിമയുടെ ഭാവുകത്വം മാറിയിട്ടും മാറ്റമില്ലാത്ത മലയാളിയുടെ നിറചിരിയാണ് പപ്പു ഇന്നും.

ആള്‍ക്കൂട്ടത്തില്‍ തനിയെ, അങ്ങാടി കാണാകിനാവ്, ഏതോ തീരം, ചെമ്പരത്തി, അവളുടെ രാവുകള്‍, മണിചിത്രത്താഴ്, ചാകര, അഹിംസ, ടി.പി.ബാലഗോപാലന്‍ എം.എ, തേന്മാവിന്‍ കൊമ്പത്ത്, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, അടിയൊഴുക്കുകള്‍, 1921, ചന്ദ്രലേഖ, ഏയ് ഓട്ടോ, വിയറ്റ്നാം കോളനി, മിഥ്യ, മിന്നാരം തുടങ്ങിയ ചിത്രങ്ങളില്‍ പപ്പു എന്ന കലാകാരന്‍ നിറഞ്ഞുനിന്നു. ഈ അതുല്യ പ്രതിഭ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ട് ഇന്ന് 24 വര്‍ഷമാകുന്നു. 2000 ഫെബ്രുവരി 25-നാണ് പപ്പുവിന്റെ വിയോഗം. മലയാളിയെ ചിരിപ്പിച്ചും കരയിച്ചും പപ്പു ജീവന്‍ പകര്‍ന്ന കഥാപാത്രങ്ങള്‍ കാലാതീതമായി പകരം വയ്ക്കാനില്ലാത്ത ഓര്‍മകളായി നിലനില്‍ക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top