Kerala

കമ്യൂണിസ്റ്റുകാർ മന്നത്ത് പത്മനാഭനെ വർഗീയവാദിയായി ചിത്രീകരിക്കുകയാണുണ്ടായതെന്ന് സുകുമാരൻ നായർ

ചങ്ങനാശേരി: സാമൂഹികനീതിക്കായി മന്നത്ത് പത്മനാഭൻ ഇറങ്ങിയില്ലായിരുന്നെങ്കിൽ കേരളത്തിൽ നവോത്ഥാനം സാധ്യമാകുമായിരുന്നില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. സ്വന്തം സമുദായത്തിനു വേണ്ടി മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെന്നും സുകുമാരൻ നായർ ചൂണ്ടിക്കാട്ടി. എന്നാൽ ചരിത്രവും ലേഖനവും എഴുതുന്ന കമ്യൂണിസ്റ്റുകാർ മന്നത്ത് പത്മനാഭനെ വർഗീയവാദിയായി ചിത്രീകരിക്കുകയാണുണ്ടായത്. ചരിത്രം പോലും മാറ്റിയെഴുതുന്ന ഇത്തരം നിലപാടുകൾ സമുദായാംഗങ്ങൾ തിരിച്ചറിയണമെന്നും മന്നം സമാധിദിനാചരണത്തിൽ പ്രസംഗിക്കുവെ സുകുമാരൻ നായർ പറഞ്ഞു.

‘അധഃസ്ഥിതവർഗത്തെ കൈപിടിച്ചുയർത്താൻ മന്നത്ത് പത്മനാഭൻ നിരന്തരം പോരാടി. അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളും വിമോചനസമരത്തിലെ നേതൃത്വവും നവോത്ഥാന നായകൻ എന്ന നിലയിലുള്ള വ്യക്തിത്വത്തിൽ നിഴൽ വീഴ്ത്തുന്നതാണെന്ന ‘ദേശാഭിമാനി’ ലേഖനത്തിലെ‍ പരാമർശം ഒരു പ്രത്യേക പാർട്ടിയുടെ മാത്രം അഭിപ്രായമായി കണ്ടാൽ മതി. അതു ജനങ്ങളുടെ അഭിപ്രായമല്ലെന്നു തിരിച്ചറിയണം. സമാധിദിനത്തിനു മുൻപ് അതു പ്രസിദ്ധീകരിക്കാൻ അവരെ പ്രേരിപ്പിക്കുന്ന ശക്തിയെന്താണെന്നും തിരിച്ചറിയണം. മന്നത്ത് പത്മനാഭനെ വർഗീയവാദിയെന്ന് ആദ്യം വിശേഷിപ്പിച്ചതും ഇന്നും വിശേഷിപ്പിക്കുന്നതുമായ ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് ഇതിന്റെ പിന്നിലെല്ലാം നിൽക്കുന്നത്. ഈ തെറ്റായ നടപടിക്കെതിരെ ഏതറ്റം വരെയും പോകാൻ തയാറാണ്’ – സുകുമാരൻ നായർ പറഞ്ഞു.

സാമൂഹികനീതി നടപ്പാക്കുന്നതെങ്ങനെയെന്നു രാഷ്ട്രീയ പാർട്ടികൾ മന്നത്ത് പദ്മനാഭനെ കണ്ടുപഠിക്കണമെന്നും ജി സുകുമാരൻ നായർ പറഞ്ഞു. മന്നം ഒരു സമുദായത്തിന്റേതു മാത്രമല്ല; ഒരു സമൂഹത്തിന്റേതും രാജ്യത്തിന്റേതുമായിരുന്നു. എൻഎസ്എസിനു രാഷ്ട്രീയമില്ല; ഒരു രാഷ്ട്രീയ പാർട്ടിയോടും ചേരാൻ ഉദ്ദേശിക്കുന്നില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top