തിരുവനന്തപുരം: സംസ്ഥാനത്തെ 23 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എല്‍.ഡി.എഫിന് നേട്ടം. എൽ.ഡി.എഫിന് 5 സീറ്റ് അധികം ലഭിച്ചു. യു.ഡി.എഫ് 10 സീറ്റിലും എൽ.ഡി.എഫ് 9 സീറ്റിലും എൻ.ഡി.എ 3 സീറ്റിലുമാണു വിജയിച്ചത്.
ഒരിടത്ത് സ്വതന്ത്രൻ ജയിച്ചു. എൽ.ഡി.എഫിന് ആറിടത്ത് അട്ടിമറി വിജയമാണ് ഉണ്ടായത്. കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും സീറ്റുകളാണു എൽ.ഡി.എഫ് പിടിച്ചെടുത്തത്.14 സീറ്റുണ്ടായിരുന്ന യുഡിഎഫ് 10 സീറ്റിലേക്കു ചുരുങ്ങി. 4 സീറ്റുണ്ടായിരുന്ന ബി.ജെ.പിക്ക് ഉപതിരഞ്ഞെടുപ്പില്‍ മൂന്നിടത്തേ ജയിക്കാനായുള്ളൂ.
10 ജില്ലകളിലായി ഒരു മുൻസിപ്പൽ കോർപറേഷൻ വാർഡിലും 4 മുനിസിപ്പാലിറ്റി വാർഡിലും 18 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമായിരുന്നു ഉപതിരഞ്ഞെടുപ്പ് നടന്നത്. 88 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. തിരുവനന്തപുരം ജില്ലയിലെ 4 തദ്ദേശ വാർഡുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 3 എണ്ണത്തിൽ എൽ.ഡി.എഫും ഒരെണ്ണത്തിൽ ബി.ജെ.പിയും വിജയിച്ചു. രണ്ടു വാർഡുകളിൽ എൽഡിഎഫിന് അട്ടിമറി വിജയമാണ്.