തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ പി സി ജോർജ്ജിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ ബിജെപിയിലെ ഒരു വിഭാഗത്തിന് കടുത്ത എതിർപ്പ്. പാർട്ടിക്ക് വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ ഒന്നിൽ ‘ഇന്നലെ വന്നവനെ’ സ്ഥാനാർത്ഥിയാക്കുന്നത് നല്ലതിനല്ലെന്നാണ് നേതാക്കളുടെ വാദം. പി സി ജോർജ്ജിന്റെ പദപ്രയോഗങ്ങൾ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപിക്കും എൻഡിഎയ്ക്കും ദോഷം ചെയ്യുമെന്നും ജോർജ്ജിനെതിരെ നിലപാടെടുക്കുന്ന നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
പി.സി. ജോർജിനെ മത്സരിപ്പിക്കുന്നതിൽ എതിർപ്പുയർന്ന സാഹചര്യത്തിൽ മകൻ ഷോണിനെ പത്തനംതിട്ടയിൽ പരിഗണിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്തിടെയാണ് ജനപക്ഷം നേതാവ് പി.സി. ജോർജും മകനും ബി.ജെ.പി.യിൽ ചേർന്നത്. പത്തനംതിട്ട സീറ്റിൽ മത്സരത്തിന് പി.സി. സന്നദ്ധനുമാണ്. എന്നാൽ, ബി.ഡി.ജെ.എസിനും ബി.ജെ.പിയിലെ ഒരുവിഭാഗത്തിനും പി.സി. ജോർജ് സ്ഥാനാർഥിയാകുന്നതിനോട് യോജിപ്പില്ലെന്നാണ് വിവരം.
ഈ സാഹചര്യത്തിൽ അദ്ദേഹത്തെ വെറുപ്പിക്കാതിരിക്കാൻ ഷോണിനെ പരിഗണിക്കുന്നുവെന്നാണ് അറിയുന്നത്. ജനപക്ഷം പ്രതിനിധിയായി കോട്ടയം ജില്ലാപഞ്ചായത്തംഗമായ ഷോണിന്റെ ഗ്രാഫ് ഇപ്പോൾ ഉയർന്നുനിൽക്കുന്നതായാണ് ബി.ജെ.പി. നേതാക്കളുടെ വിലയിരുത്തൽ. മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്സാലോജിക്കിനെതിരേ കേസുമായി മുന്നോട്ടുപോകുന്നതാണ് ഈ വിലയിരുത്തലിനു കാരണം. ഇതൊക്കെയാണ് ഷോണിന് അനുകൂലമായ ഘടകങ്ങൾ.
പത്തനംതിട്ടയിൽ കുമ്മനം രാജശേഖരനെയും പരിഗണിക്കുന്നുണ്ട്. കോട്ടയത്ത് ബി.ഡി.ജെ.എസിലെ തുഷാർ വെള്ളാപ്പള്ളി മത്സരിക്കാനാണ് സാധ്യത.