Kerala

ആരോഗ്യവകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; മൂന്ന് പേര്‍ പിടിയില്‍

പത്തനംതിട്ട: ആരോഗ്യ വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് വ്യാജ നിയമനക്കത്ത് നല്‍കി ഒമ്പത് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്ന് പേര്‍ പിടിയില്‍. കൊല്ലം പെരിനാട് സ്വദേശി വിനോദ് ബാഹുലേയന്‍, നൂറനാട് സ്വദേശികളായ സഹോദരങ്ങളായ അയ്യപ്പദാസ് കുറുപ്പ്, മുരുകദാസ് കുറുപ്പ് എന്നിവരെയാണ് അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

അടൂര്‍ മലമേക്കര സ്വദേശിനിയില്‍ നിന്നുമാണ് പ്രതികള്‍ ഒമ്പത് ലക്ഷം രൂപ തട്ടിയെടുത്തത്. മാവേലിക്കര താലൂക്ക് ആശുപത്രിയില്‍ ക്ലാര്‍ക്കായി നിയമനം നല്‍കാം എന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. വ്യാജ നിയമന ഉത്തരവും ഒന്നാം പ്രതി വിനോദ് നല്‍കി. നൂറനാട്, കുണ്ടറ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നായി നിരവധി ആളുകളില്‍ നിന്നും പ്രതികള്‍ പണം തട്ടിയെടുത്തിട്ടുണ്ടെന്ന് അടൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ രാജീവ് ആര്‍ പറഞ്ഞു.

സര്‍ക്കാര്‍ വകുപ്പുകളില്‍ ഉന്നത ബന്ധങ്ങള്‍ ഉണ്ടെന്നും പൊതു പ്രവര്‍ത്തകനാണെന്നും പറഞ്ഞാണ് വിനോദ് ബാഹുലേയന്‍ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറയുന്നു. കേസെടുത്തതിന് പിന്നാലെ ഫോണ്‍ സ്വിച് ഓഫ് ചെയ്ത് പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. പ്രതികള്‍ സമാനരീതിയില്‍ കൂടുതല്‍ ആളുകളില്‍ നിന്ന് പണം തട്ടിയെടുത്തത് സംബന്ധിച്ച വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top