തിരുവനനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കുടുംബം അന്വേഷണത്തോട് സഹകരിക്കാത്തത് വെല്ലുവിളി. കുഞ്ഞിനെ ആശുപത്രിയില്‍ നിന്ന് വിട്ടയയ്‌ക്കണം എന്നാവശ്യപ്പെട്ട് കുടുംബം കഴിഞ്ഞ ദിവസം ബഹളം വച്ചിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ അടക്കമുള്ള ബന്ധുക്കളാണ് ആശുപത്രിയില്‍ ബഹളം വച്ചത്. കുട്ടിയെ കിട്ടിയതിനാല്‍ നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ അനുവദിക്കണമെന്നും തുടര്‍നടപടികളോട് താല്‍പര്യം ഇല്ലെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.
കുട്ടിയെ ഒരാഴ്ച ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കണമെന്നാണ് ആശുപത്രി അധികൃതരോട് പൊലീസ് ആവശ്യപ്പെട്ടിട്ടുളളത്. ഇതിനെതിരെയാണ് പ്രതിഷേധം. അമ്മയ്ക്കൊപ്പം അഭയകേന്ദ്രത്തിലേക്ക് മാറ്റിയ കുട്ടിയെ വീണ്ടും കൗണ്‍സിലിംഗ് നടത്തി. നിര്‍ണായകമായ എന്തെങ്കിലും വിവരം ലഭിക്കുമോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ചോദ്യം ചെയ്യലിലും സിസിടിവി ദൃശ്യങ്ങളില്‍ നിന്നും കാര്യമായ തുന്പൊന്നും പൊലീസിന് ഇതുവരെ കിട്ടിയിട്ടില്ല.
കുട്ടിയെ കണ്ടുകിട്ടി മൂന്ന് ദിവസമായിട്ടും കേസില്‍ ദുരൂഹത മാറിയിട്ടില്ല.കൊച്ചുവേളി റെയില്‍വെ സ്റ്റേഷന് സമീപത്തെ ഓടയ്‌ക്ക് അരികില്‍ നിന്നാണ് കുട്ടിയെ കിട്ടിയത്.കുട്ടി എങ്ങനെ ഇവിടെ എത്തിയെന്ന് കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ്. കുഞ്ഞിനെ ആരെങ്കിലും പൊന്തക്കാടിന് സമീപം ഉപേക്ഷിച്ചതാകാമെന്ന സംശയത്തിലാണ് പൊലീസ്.
കുട്ടി റെയില്‍വെ ട്രാക്കിന് സമീപത്തേക്ക് പോയിട്ടില്ലെന്നും കിടക്കുന്ന സ്ഥലം വിട്ട് കുട്ടികള്‍ പോയിട്ടില്ലെന്നും അച്ഛന്‍ അമര്‍ദീപ് കുര്‍മി പറഞ്ഞു. സംഭവത്തില്‍ ആരെയും സംശയിക്കുന്നില്ലെന്നും തങ്ങളുടെ സംഘത്തിലുള്ളവര്‍ കുട്ടിയെ കൊണ്ടു പോകില്ലെന്നും അപ്പൂപ്പന്‍ വ്യക്തമാക്കി.