കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ വിജേഷ് പിള്ളയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒടിടി ഇടപാടുകളെ കുറിച്ച് അറിയാനാണ് ചോദ്യം ചെയ്യല്‍. കേസില്‍ കൂടുതല്‍ പേരെ ഇന്നും ഇഡി ചോദ്യം ചെയ്യും.
ഹൈറിച്ച് കമ്പനി ഉടമകളായ കെ ഡി പ്രതാപന്‍, ശ്രീന എന്നിവര്‍ ഇന്നലെ കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരായിരുന്നു. ചോദ്യം ചെയ്യല്‍ മണിക്കൂറുകളോളം നീണ്ടു. ഇവരെ വീണ്ടും ഇഡി ചോദ്യം ചെയ്യും. കഴിഞ്ഞ മാസം ഇവരുടെ വീടുകളിലും ഓഫീസുകളിലും ഇഡി റെയ്ഡ് നടത്തിയതോടെ ഇരുവരും ഒളിവില്‍ പോവുകയായിരുന്നു. ഇവരുടെ 212 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് മരവിപ്പിക്കുകയും ചെയ്തിരുന്നു.
1,650 കോടിയുടെ തട്ടിപ്പ് നടന്നുവെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍. എന്നാല്‍ 2,300 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് ഇഡി യുടെ വിലയിരുത്തല്‍. യുകെ ആസ്ഥാനമായി കമ്പനി രജിസ്റ്റര്‍ ചെയ്ത് ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ വഴി നടത്തിയ തട്ടിപ്പും 15 സംസ്ഥാനങ്ങളിലായി കമ്പനിക്കുള്ള 69 അക്കൗണ്ടുകളുടെ വിവരങ്ങളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തല്‍. നേരത്തെ തട്ടിപ്പില്‍ പൊലീസ് അന്വേഷണം നടന്നിരുന്നെങ്കിലും മുന്‍ എംഎല്‍എ അനില്‍ അക്കരയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇഡി അന്വേഷണം ആരംഭിച്ചത്. പൊലീസിന്റെ ഒത്താശയോടെയാണ് വന്‍തോതില്‍ തട്ടിപ്പ് നടന്നതെന്ന് അനില്‍ അക്കര ആരോപിച്ചിരുന്നു.