കോട്ടയം :പുരയ്ക്കു മീതെ വെള്ളം വന്നാൽ അതുക്കു മീതെ വള്ളം..എന്ന ചൊല്ല് പോലെയാണ് പാലായിലെ ഓട്ടോ ഡ്രൈവർ സന്തോഷ് പുളിക്കൻ.തെരെഞ്ഞെടുപ്പിൽ മത്സരിക്കുക എന്നാൽ സന്തോഷ് പുളിക്കന്‍ ഒരു ലഹരിയാണ്.തെരെഞ്ഞെടുപ്പ് ഉണ്ടോ സന്തോഷ് പുളിക്കനും അവിടെ ഉണ്ട്. ഏറ്റവും അവസാനമായി മത്സരിച്ചത് പുതുപ്പള്ളി ഉപ തെരെഞ്ഞെടുപ്പിലാണ്.ജോസ് കെ മാണിക്കെതിരെ കഴിഞ്ഞ പാലാ നിയമസഭാ തെരഞ്ഞെടുപ്പിലും 2021 ൽ മത്സരിച്ചിരുന്നു.
ലഭിക്കുന്ന വോട്ടുകൾ തുശ്ചമാണെങ്കിലും മെച്ചപ്പെടുന്നത് സന്തോഷ് പുളിക്കന്റെ സന്തോഷം തന്നെയാണ്.പുതുപ്പള്ളി ഉപ തെരെഞ്ഞെടുപ്പിൽ എല്ലാ ചാനലിലും മുഖം കാട്ടിയതിന്റെ ത്രിൽ ഇപ്പോഴും സന്തോഷ് പുളിക്കനെ വിട്ടു മാറിയിട്ടില്ല.പുതുപ്പള്ളി തെരെഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്ക് ലഭിച്ച ഐഡൻറിറ്റി കാർഡ് ഇപ്പോഴും പൊന്നുപോലെ കാത്ത് സൂക്ഷിച്ചു വച്ചിരിക്കയാണ് സന്തോഷ് പുളിക്കൻ.
പുതുപ്പള്ളി തെരെഞ്ഞെടുപ്പിൽ നാമ നിർദ്ദേശ പത്രിക വാങ്ങുവാൻ ചെന്നപ്പോൾ യൂണിയൻകാരായ ഉദ്യോഗസ്ഥർ രണ്ടു പേപ്പർ മാറ്റി വച്ചാണ് നൽകിയത്.പരിചയ സമ്പന്നനായ അഭിഭാഷകനാണ് പിന്നീടത് നെറ്റിൽ നിന്നും ഡൗൺ ലോഡ് ചെയ്തു പൂരിപ്പിച്ചു നൽകി പത്രിക തള്ളാതെ രക്ഷപെടുത്തിയത്.താൻ അധികാരത്തിലെത്തിയാൽ നാട്ടിൽ അഴിമതി തുടച്ചു നീക്കും എന്നാണ് പുളിക്കൻ പറയുന്നത്.ജനങ്ങൾക്ക് സാർവത്രിക നീതി ലഭ്യമാക്കണം അതാണ് തന്റെ ആഗ്രഹമെന്ന് സന്തോഷ് പുളിക്കൻ പറയുമ്പോൾ താൻ എന്ന പൊതു പ്രവർത്തകൻ ഒട്ടേറെ നല്ല കാര്യങ്ങൾ സമൂഹത്തിനായി നടത്തിയിട്ടുണ്ടെന്നും പുളിക്കൻ സാക്ഷ്യപ്പെടുത്തുന്നു .കൊറോണാ കാലഘട്ടത്തിൽ ഒട്ടേറെ രോഗികൾക്ക് തന്റെ ഓട്ടോ റിക്ഷയിൽ സൗജന്യ യാത്ര തരപ്പെടുത്തിയത് മുതൽ ;പല വ്യഞ്ജന കിറ്റും ;അരിയും നൽകിയത് വരെ സന്തോഷ് പുളിക്കൻ തന്റെ ഓർമ്മച്ചെപ്പിൽ നിന്നും ഓർത്തെടുക്കുന്നു.
പ്രമുഖ സ്ഥാനാർത്ഥികളുടെ പ്രചാര രീതിയാണ് സന്തോഷ് പുളിക്കനും അനുകരിക്കുന്നത്.വർണ്ണ പോസ്റ്ററും.ഫ്ളക്സും .മൈക്ക് അനൗണ്‍സ്മെന്റും ഒക്കെ സന്തോഷ് പുളിക്കാനുണ്ട് . താൻ മുഖ്യ ധാരാ രാഷ്ട്രീയ പാർട്ടികൾക്കൊരു ഭീഷണിയാണെന്നാണ് സന്തോഷ് പുളിക്കൽ കണക്കു കൂട്ടൽ. എനിക്കും ഒരു അവസരം തരുമോ എന്ന് വിനീതനായി പുളിക്കൻ ചോദിക്കുമ്പോൾ അതിന് അനുകൂലമായി ഒരിക്കൽ ജനം പ്രതികരിക്കും എന്ന ശുഭ പ്രതീക്ഷയാണ് സന്തോഷ് പുളിക്കനും ഉള്ളത്.തെരെഞ്ഞെടുപ്പ് അടുത്ത് വരുന്തോറും സന്തോഷിന്റെ സന്തോഷവും ഇരട്ടിക്കുകയാണ്.