വയനാട് : മാനന്തവാടി പടമലയിൽ ആന ചവിട്ടിക്കൊന്ന അജീഷിന്‍റെ കുടുംബത്തിന് 15 ലക്ഷം സഹായം പ്രഖ്യാപിച്ച് കർണാടക സര്‍ക്കാര്‍. കർണാടകയിൽ നിന്ന് റേഡിയോ കോളർ ഘടിപ്പിച്ച് വന്ന ആനയാണ് അജീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. കർണാടകയിലെ ഒരു പൗരനായി കണക്കാക്കിയാണ് അജീഷിന്‍റെ കുടുംബത്തിന് ധനസഹായം നല്‍കുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
പടമലയിൽ ജനവാസമേഖലയിൽ ഇറങ്ങിയ ബേലൂർ മഖ്നയെന്ന കാട്ടാനയുടെ ആക്രമണത്തിലാണ് ട്രാക്ടര്‍ ഡ്രൈവറായ അജീഷ് (45) കൊല്ലപ്പെട്ടത്. ജനവാസ മേഖലയിലിറങ്ങിയ റേഡിയോ കോളർ ഘടിപ്പിച്ച മോഴയാനയെ വനംവകുപ്പും നാട്ടുകാരും ചേർന്ന് തുരത്താനുള്ള ശ്രമിക്കുന്നതിനിടെയാണ് അജീഷ് ആനയുടെ മുന്നിൽപ്പെട്ടത്.
ആനയെ കണ്ട് രക്ഷപ്പെടാനായി ജോമോന്‍ എന്നയാളുടെ വീട്ടിലേക്ക് അജീഷ് ചാടിക്കയറുന്നതിനിടെ നില തെറ്റി അജീഷ് താഴെ വീഴുകയായിരുന്നു. പിന്നാലെ പാഞ്ഞെത്തിയ ആന അജീഷിനെ ചവിട്ടിയ ശേഷം കടന്ന് പോയി. തൊട്ടുപുറകെ എത്തിയ നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും അജീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.