പുതുതായി രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയുടെ പേരിൽ നേരിയ മാറ്റം വരുത്താനൊരുങ്ങി നടൻ വിജയ്. തമിഴക വെട്രി കഴകം എന്ന പേരിനു പകരം തമിഴക വെട്രിക്ക് കഴകം എന്നാക്കി മാറ്റാനാണു തീരുമാനം. പേരിൽ മാറ്റം വരുത്തുന്നതിനായി ജനറൽ സെക്രട്ടറി ബുസി ആനന്ദ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചതായാണ് വിവരം. കമ്മിഷന്റെ അംഗീകാരം ലഭിച്ചതിനു ശേഷം തീരുമാനം വിജയ് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. തമിഴ്നാടിന്റെ വിജയത്തിനായി പാർട്ടി എന്നതാണു തമിഴക വെട്രിക്ക് കഴകം എന്നതുകൊണ്ട് അർഥമാക്കുന്നത്.
സംസ്ഥാനത്തിന്റെ അവകാശങ്ങളുടെയും തത്വങ്ങളുടെയും അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ മാറ്റത്തിനു വേണ്ടിയാണു പ്രവർത്തിക്കുകയെന്നു പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് വിജയ് പ്രഖ്യാപിച്ചിരിക്കെ, പേരിലെ പൊരുത്തക്കേടുകളെ കുറിച്ച് ചില വിമർശനങ്ങൾ ഉയർന്നതാണ് തിരുത്തൽ നടപടിയിലേക്ക് നയിച്ചത്. അതേസമയം, വിജയിയുടെ പാർട്ടിയുടെ പേരിനെതിരെ തമിഴക വാഴ്‌വുരുമൈ കക്ഷി സ്ഥാപകൻ വേൽമുരുകൻ രംഗത്തെത്തി. ഇരുപാർട്ടികളുടെയും ചുരുക്കപ്പേര് ടിവികെ ആയതിനാൽ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാകുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ ഇക്കാര്യം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.