തിരുവനന്തപുരം:നഗരമധ്യത്തിലൂടെ രാത്രി ബൈക്കില്‍ സഞ്ചരിച്ച റേഡിയോ ജോക്കിയായ യുവതിയോട് മോശമായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്‌തെന്ന പരാതിയില്‍ തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണനെതിരെ പോലീസ് കേസെടുത്തു.
ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവം. രാത്രി 7.45ഓടെ ബൈക്കില്‍ സഞ്ചരിച്ച യുവതിക്കുനേരെ എകെജി സെന്ററിന് മുന്നില്‍വെച്ച് രാധാകൃഷ്ണന്‍ ലൈംഗികച്ചുവയോടെ സംസാരിക്കുകയും അധിക്ഷേപം നടത്തുകയും ചെയ്തുവെന്നാണ് പരാതി.
നഗരത്തില്‍ വച്ച് തന്നോട് ലൈംഗികാതിക്രമം നടത്തിയ ആളെ യുവതി തിരിച്ചറിഞ്ഞതോടെ എം രാധാകൃഷ്ണനെ പ്രതിചേര്‍ത്ത് കോടതിയില്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവസ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്.
2019 ഡിസംബറില്‍ സഹപ്രവര്‍ത്തകയായ മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചുകയറി സദാചാര അതിക്രമം നടത്തിയ കേസിലെ പ്രതിയാണ് രാധാകൃഷ്ണന്‍.അതേസമയം യുവതിയുമായി വാക്കേറ്റുണ്ടായതായി രാധാകൃഷ്ണന്‍ സമ്മതിച്ചു. എന്നാല്‍ ലൈംഗികച്ചുവയോടെ സംസാരിച്ചിട്ടില്ലെന്നാണ് രാധാകൃഷ്ണന്റെ വാദം.