തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസം. കഴിഞ്ഞ മാസത്തെ ആദ്യ ഗഡു ശമ്പളം വിതരണം ചെയ്തു. കെഎസ്ആര്‍ടിസിയുടെ ദാരിദ്ര്യം മാറുമെന്നും എല്ലാ ഒന്നാം തീയതി ശമ്പളം നല്‍കുമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ഇന്ന് പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുമായി സംസാരിച്ച് എല്ലാം ശരിയാക്കിയിട്ടുണ്ട്. ഇലക്ട്രിക് ബസുകളെല്ലാം റീ ഷെഡ്യൂള്‍ ചെയ്യുമെന്നും കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു.
ശമ്പളവിതരണത്തിനുളള 30 കോടി സർക്കാർ നൽകി. ബാക്കി 7 കോടി രൂപ ബാങ്ക് ഓവർ ഡ്രാഫ്റ്റെടുത്തു. പുതിയ മന്ത്രി വന്നിട്ടും ശമ്പളം കൊടുക്കാൻ കഴിയാത്തതിൽ യൂണിയനുകൾ പ്രതിഷേധിച്ചിരുന്നു. പ്രതിസന്ധിയിലായ കെഎസ്ആർടിസിയുടെ ദാരിദ്ര്യം മാറ്റാനുളള നടപടികൾ പുരോഗമിക്കുകയാണെന്നാണ് മന്ത്രി ഗണേഷ് കുമാറിന്റെ പ്രതികരണം. ഒന്നാം തീയതി തന്നെ ജീവനക്കാർക്കെല്ലാം ശമ്പളം കൊടുക്കാൻ പറ്റുന്ന നിലയിലേക്കുളള ആലോചനകൾ നടന്നുവരികയാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായി സംസാരിച്ചതായും മന്ത്രി ഗണേഷ് കുമാർ വ്യക്തമാക്കുന്നു.