തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ മന്ത്രി കെ ബി ഗണേഷ്‌കുമാറും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും തമ്മിലുള്ള തര്‍ക്കം മുറുകുന്നു. മന്ത്രിയുമായുള്ള ഭിന്നത കാരണം വകുപ്പ് വിടാന്‍ തീരുമാനിച്ചിരിക്കുകയാണ് കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍. പദവി ഒഴിയാന്‍ സന്നദ്ധത അറിയിച്ചില്ലെങ്കിലും ഗതാഗത കമ്മീഷണര്‍ എസ് ശ്രീജിത്തും ഉന്നതരെ അതൃപ്തി അറിയിച്ചിട്ടുണ്ട്.
പരസ്യമായി ശകാരിച്ചതാണ് ഗതാഗത കമ്മീഷണര്‍ എസ് ശ്രീജിത്തിന്റെ അകല്‍ച്ചയ്ക്ക് കാരണം. ഡ്രൈവിങ് സ്‌കൂള്‍ അസോസിയേഷന്‍ പ്രതിനിധികള്‍ക്ക് മുന്നില്‍ മന്ത്രി അപമാനിച്ചതിലെ അമര്‍ഷം കമ്മീഷണര്‍ ഉന്നതരെ അറിയിച്ചിട്ടുണ്ട്. അതേസമയം ചേംബറില്‍ കയറി കമ്മീഷണര്‍ മന്ത്രിയെ വിരട്ടിയെന്നാണ് ആരോപണം. തര്‍ക്കം കയ്യാങ്കളിയിലേക്ക് നീങ്ങുമെന്നായതോടെ ഉഗ്യോഗസ്ഥര്‍ ഇടപെട്ടാണ് ഇരുവരേയും തണുപ്പിച്ചത്. പക്ഷെ കടുത്ത അതൃപ്തിയിലാണ് ഗതാഗത കമ്മീഷണര്‍.
അതേസമയം മന്ത്രിയുമായുള്ള ഭിന്നത കാരണം പദവി ഒഴിയാന്‍ കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ ന്നദ്ധത അറിയിച്ചിരുന്നു. നേരത്തെ ദീര്‍ഘകാല അവധിയെടുത്ത ബിജു പ്രഭാകര്‍ പിന്നീട് ജോലിയിലേക്ക് തിരികെ പ്രവേശിച്ചിട്ടില്ല. ദീര്‍ഘ അവധിക്ക് ശേഷം എടുത്ത ഹ്രസ്വ അവധിയുടെ കാലാവധി നാളെ അവസാനിക്കും. അവധി കഴിഞ്ഞാലും ബിജു പ്രഭാകര്‍ ജോലിയില്‍ തിരികെ പ്രവേശിച്ചേക്കില്ലെന്നാണ് സൂചന. പദവിയില്‍ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജു പ്രഭാകര്‍ നല്‍കിയ അപേക്ഷ മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും.