Kerala

സ്വരാജ് ട്രോഫിയിൽ നേട്ടവുമായി കോട്ടയം ജില്ല; വൈക്കം സംസ്ഥാതലത്തിൽ മികച്ച ബ്‌ളോക്ക് പഞ്ചായത്ത്; മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന് മൂന്നാം സ്ഥാനം

 

ഠ വൈക്കം സംസ്ഥാതലത്തിൽ മികച്ച ബ്‌ളോക്ക് പഞ്ചായത്ത്
ഠ മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന് മൂന്നാം സ്ഥാനം
ഠ ജില്ലാതലത്തിൽ തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് മുന്നിൽ

കോട്ടയം: മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾക്കു തദ്ദേശ സ്വയംഭരണ വകുപ്പ് ഏർപ്പെടുത്തിയ സ്വരാജ് ട്രോഫിയിൽ പുരസ്‌കാര നേട്ടവുമായി കോട്ടയം ജില്ല. സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തായി വൈക്കത്തെ തെരഞ്ഞെടുത്തു. മികച്ച ഗ്രാമപഞ്ചായത്തുകളുടെ പട്ടികയിൽ ജില്ലയിലെ മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി.

സ്വരാജ് ട്രോഫി പുരസ്‌കാരത്തിന് ജില്ലാതലത്തിൽ ഗ്രാമപഞ്ചായത്ത് വിഭാഗത്തിൽ തിരുവാർപ്പ്, വെളിയന്നൂർ ഗ്രാമപഞ്ചായത്തുകൾ ഒന്നും രണ്ടും സ്ഥാനങ്ങൾക്ക് അർഹരായി. തൊഴിലുറപ്പ് പദ്ധതി മികവിന്റെ നേട്ടത്തിൽ നൽകുന്ന മഹാത്മാ പുരസ്‌കാരത്തിന് ജില്ലാ അടിസ്ഥാനത്തിൽ മറവൻതുരുത്ത്, തലയാഴം ഗ്രാമപഞ്ചായത്തുകളെ തെരഞ്ഞെടുത്തു.

സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന ബ്ലോക്ക് പഞ്ചായത്തിന് 40 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും സാക്ഷ്യ പത്രവുമാണ് നൽകുന്നത്. വൈക്കം ബ്ലോക്ക് പഞ്ചായത്തിനോടൊപ്പം കാസർകോട് ജില്ലയിലെ നീലേശ്വരം ബ്ലോക്കും മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് ബ്ലോക്കും ഒന്നാം സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതിനാൽ പുരസ്‌കാരത്തുക തുല്യമായി നൽകും.

മരങ്ങാട്ടുപ്പള്ളി ഗ്രാമപഞ്ചായത്തിന് പുരസ്‌കാരത്തുകയായി 30 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും. ജില്ലാ അടിസ്ഥാനത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയ പഞ്ചായത്തുകൾക്ക് അവാർഡ് തുകയായി 20 ലക്ഷം, 10 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും നൽകും.
പൊതുഭരണം, സംരംഭക പ്രവർത്തനങ്ങൾ, മാലിന്യമുക്ത പ്രവർത്തനങ്ങൾ, കേന്ദ്ര- സംസ്ഥാനാവിഷ്‌കൃത പദ്ധതികൾ, ജെൻഡർ സൗഹൃദ പ്രവർത്തനങ്ങൾ, ജനസൗഹൃദ പ്രവർത്തനങ്ങൾ, ആരോഗ്യമേഖല എന്നീ മേഖലകളിൽ കാഴ്ചവച്ച മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വരാജ് ട്രോഫിക്ക് അർഹരായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top