കൻസാസ് സിറ്റി: അമേരിക്കയിലെ കൻസാസ് സിറ്റിയിലുണ്ടായ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. കുട്ടികൾ ഉൾപ്പെടെ 21 പേർക്ക് പരിക്കേറ്റു. ബുധനാഴ്ച ചീഫ്സ് സൂപ്പർ ബൗൾ വിജയത്തിന് പിന്നാലെ നടന്ന വിജയ റാലിയിലാണ് വെടിവയ്പ്പുണ്ടായത്. സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ വെടിവയ്പ്പിന് പിന്നിലെ കാരണം വ്യക്തമല്ല. ജനക്കൂട്ടത്തിനിടയിലേക്കാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. സംഭവസ്ഥലത്തു നിന്നും ഒരു തോക്കും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
പരിക്കേറ്റവരില്‍ 17 വയസ് വരെയുള്ള കുട്ടികളെ ചിൽഡ്രൻ മേഴ്സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ടുപേരുടെ നില ഗുരുതരമാണെന്ന് കന്‍സാസ് സിറ്റി ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് ചീഫ് റോസ് ഗ്രന്‍ഡിസണ്‍ പറഞ്ഞു. അമേരിക്കയിൽ ഏറെ പ്രചാരമുള്ള കായികയിനമായ സൂപ്പർ ബോളിൽ കാന്‍സസ് സിറ്റി ചീഫ് ടീമിന്റെ തുടര്‍ച്ചയായ രണ്ടാം ജയം ആഘോഷിച്ചുള്ള റാലിയായിരുന്നു നടന്നത്. യൂണിയൻ സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്തായി കൻസാസ് സിറ്റി ചീഫ് ആരാധകർ നീങ്ങുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായത്.
കൻസാസ് സിറ്റി ചീഫ് പ്രമുഖ താരം ട്രാവിസ് കെൽസെ സമൂഹ മാധ്യമത്തിലൂടെ അനുശോചനം അറിയിച്ചു. കൻസാസ് സിറ്റി മേയർ ക്വിന്റൺ ലൂക്കാസ് ഉൾപ്പെടെയുള്ള പ്രമുഖർ പരിപാടിയിൽ പങ്കെടുത്തിരുന്നു. വടക്കേ അമേരിക്കയിൽ കായിക വിജയാഘോഷങ്ങൾക്കു നേരെ വെടിവയ്പ്പുണ്ടാകുന്നത് ഇതാദ്യമല്ല.