ന്യൂഡൽഹി: ഭർത്താവ് സ്വന്തം അമ്മയ്ക്കൊപ്പം സമയം ചെലവഴിക്കുന്നതും പണം നൽകുന്നതും ഗാർഹിക പീഡനമായി കണക്കാക്കില്ലെന്ന് കോടതി. മുംബൈ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ആശിഷ് അയാചിതാണ് യുവതി നൽകിയ പരാതി തള്ളിക്കൊണ്ട് വിധി പറഞ്ഞത്. ഗാർഹിക പീഡന നിയമവും സ്ത്രീകളുടെ സംരക്ഷണ നിയമവും പ്രകാരം ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് 43 കാരിയായ യുവതി നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ തീരുമാനം.
പരാതിയിലെ ആരോപണം അവ്യക്തവും അടിസ്ഥാന രഹിതവുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയായ സ്ത്രീ ഭർത്താവ് തനിക്ക് ചെലവിന് തരുന്നില്ലെന്നും തനിക്കായി സമയം ചെലഴിക്കുന്നില്ലെന്നും ആരോപിച്ചാണ് ഗാർഹിക പീഡന നിരോധന നിയമപ്രകാരം മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകിയത്.
1993 മുതൽ 2004 ഡിസംബർ വരെ തൻ്റെ ഭർത്താവ് വിദേശത്ത് ജോലി ചെയ്തിരുന്ന സമയത്ത് അമ്മയുടെ കണ്ണ് ഓപ്പറേഷനു വേണ്ടി പണം നൽകിയിരുന്നു. അതുകൂടാതെ വർഷത്തിൽ വരുമ്പോൾ അമ്മയെ സന്ദർശിക്കുകയും 10000 രൂപ അയച്ചു കൊടുക്കാറുണ്ടെന്നും പരാതിയിൽ പറയുന്നു. അതേസമയം യുവതിയുടെ ക്രൂരതകൾ സഹിക്കാനാവില്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് വിവാഹമോചനത്തിനായി ഹർജി നൽകിയിട്ടുണ്ട്. എൻആർഐ അക്കൗണ്ടിൽ നിന്ന് ഭാര്യ അനധികൃതമായി പണം എടുത്തിട്ടുണ്ടെന്നും എതിർ ഭാഗം പറയുന്നു.