ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസിനെ സജ്ജമാക്കാന്‍ എ.ഐ.സി.സി. നിർദേശിച്ച ജില്ലയിലെ വാർ റൂം പ്രവർത്തനം ഡി.സി.സി.യിൽ ആരംഭിച്ചു. ആലപ്പുഴ ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുകയും തന്ത്രങ്ങൾ ആവിഷ്‌കരിക്കുകയുമാണ് ലക്ഷ്യം. ദ്രുതഗതിയിലുള്ള തിരഞ്ഞെടുപ്പു പ്രവർത്തനം ലക്ഷ്യമാക്കി ഇൻഫർമേഷൻ ടെക്‌നോളജിയും ഡിജിറ്റൽ ടെക്‌നോളജിയും പ്രയോജനപ്പെടുത്തി ഓൺലൈൻ ആശയവിനിമയമായിരിക്കും വാർറൂമിന്റെ പ്രവർത്തനരീതി.
ഡി.സി.സി. പ്രസിഡന്റ് ബി. ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു. ആലപ്പുഴ പാർലമെന്റ് മണ്ഡലം കോ-ഓർഡിനേറ്റർ അജയ് തറയിൽ, കെ.പി.സി.സി. ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ, എം.ജെ. ജോബ്, ഡി. സുഗതൻ, ഡോ. കെ.എസ്. മനോജ്, ഡോ. നെടുമുടി ഹരികുമാർ, ബാബു ജോർജ്, ടി. സുബ്രഹ്മണ്യദാസ്, ജി. സഞ്ജീവ് ഭട്ട്, ടി.വി. രാജൻ, സി.വി. മനോജ്കുമാർ, കെ.എ. സാബു എന്നിവർ പ്രസംഗിച്ചു.