പൊൻകുന്നം: മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ തെക്കേടത്ത് വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന ബാലചന്ദ്രൻ (35), ചിറക്കടവ് മഞ്ഞാവ് കോളനി ഭാഗത്ത് തടങ്ങഴിക്കൽ വീട്ടിൽ (പാറത്തോട് ഭാഗത്ത് ഇപ്പോൾ വാടകയ്ക്ക് താമസം) നിസാർ സലിം (30) എന്നിവരെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ ഇരുവരും ചേർന്ന് പന്ത്രണ്ടാം തീയതി വൈകുന്നേരം 4:15 മണിയോടുകൂടി പൊൻകുന്നത്ത് പ്രവർത്തിക്കുന്ന ബാറിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ വച്ച് പൊൻകുന്നം ശാന്തിഗ്രാം കോളനി ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ ആന്റോ (49) എന്നയാളെയാണ് ഇവർ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിന്റെ തലേദിവസം രാത്രി 11:00 മണിയോടുകൂടി പൊൻകുന്നത്തുള്ള ജ്വല്ലറിയുടെ തിണ്ണയിൽ കിടന്നുറങ്ങിയ ആന്റോയുടെ കൈ ഇരുവരും ചേർന്ന് പിടിച്ച് വലിക്കുകയും ഇതിനെ ഇയാള് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിലുള്ള വിരോധം മൂലമാണ് അടുത്തദിവസം ബാറിന് സമീപം വച്ച് കണ്ട ഇയാളെ ഇവർ ഇരുവരും ചേർന്ന് ചീത്ത വിളിക്കുകയും, ഗ്രാനൈറ്റ് കഷണം കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു.
അതീവ ഗുരുതരമായി പരിക്കേറ്റ മധ്യവയസ്കൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പരാതിയെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നടത്തിയ തിരിച്ചിലിൽ ഇവർ ഇരുവരെയും പിടികൂടുകയുമായിരുന്നു. പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ ദിലീഷ്. റ്റി, എസ്.ഐ മാരായ മാഹിന് സലിം, അജി പി.ഏലിയാസ്, എ.എസ്.ഐ ബിജു പി.എം, സി.പി.ഓ മാരായ ഷാജി ജോസഫ്, ഷാജിചാക്കോ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.