കോട്ടയം: സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ ദിവസവും തോമസ് ചാഴികാടൻ എംപിക്ക് എല്ലാം പതിവുപോലെ. രാവിലെ പതിവു നടത്തത്തിനെത്തിയപ്പോൾ സ്ഥിരം സൗഹൃദങ്ങൾ വക പുതിയ സ്ഥാനാർത്ഥിക്ക് ആശംസകൾ. അതിനിടെ ചാനലുകാരുടെ വരവ്. വികസനവും കോട്ടയത്തെ രാഷ്ട്രീയവുമൊക്കെയായി മറുപടി.
പിന്നീട് നേരത്തെ നിശ്ചയിച്ച പരിപാടികളിലും അദ്ദേഹം പങ്കെടുത്തു. കോട്ടയം ദന്തൽ കോളേജിലെ പരിപാടിയും പുസ്തക പ്രകാശനവും കഴിഞ്ഞതോടെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ എംജി യൂണിവേഴ്സിറ്റിയിൽ മറ്റൊരു പരിപാടിക്ക് എത്തിയെന്നറിഞ്ഞതോടെ സ്ഥാനാർത്ഥി അവിടെയെത്തി. സംസ്ഥാനത്ത് ആദ്യമായി പ്രഖ്യാപിച്ച സ്ഥാനാർത്ഥിക്ക് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വക ആശംസകൾ. കുറച്ചു നേരം എംവി ഗോവിന്ദനൊപ്പം ചിലവഴിച്ചു. സിപിഎം നേതാക്കളായ കെ അനിൽകുമാർ, പികെ ബിജു എന്നിവരും ഒപ്പമുണ്ടായിരുന്നു.
മേലുകാവിലും ഉഴവൂരിലും വിവിധ പരിപാടികളുടെ ഉദ്ഘാടനവും നിർവഹിക്കാനെത്തിയ തോമസ് ചാഴികാടന് സ്ഥാനാർത്ഥിയെന്ന നിലയിലുള്ള ആശംസയും ഏവരും കൈമാറി. വരും ദിവസങ്ങളിൽ പരമാവധിയാളുകളെ നേരിൽ കാണാനാണ് സ്ഥാനാർത്ഥിയുടെ തീരുമാനം.