Kerala

ദൗത്യ സംഘം കൊലയാളി ആനയുടെ അടുത്തെത്തി;ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നൽകി

മാനന്തവാടി: വയനാട് മാനന്തവാടിയിൽ ഇറങ്ങിയ കൊലയാളി ആന ബേലൂർ മഖ്നയെ മയക്കുവെടി വച്ചു പിടികൂടാനുള്ള ദൗത്യം മൂന്നാം ദിനവും തുടരുന്നു. റേഡിയോ കോളറില്‍നിന്ന് സിഗ്നല്‍ ലഭിച്ചതിനെ തുടർന്ന് ആനയുള്ള സ്ഥലം തിരിച്ചറിഞ്ഞു. മണ്ണുണ്ടിയില്‍നിന്നു രണ്ടു കിലോമീറ്റർ അകലെ ഇരുമ്പുപാലത്താണ് ആനയുള്ളത്. ദൗത്യസംഘം ആനയുടെ 400 മീറ്റർ വരെ അടുത്തെത്തി. ബേഗൂർ, ചേലൂർ, ബാവലി എന്നിവിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നൽകി. രാത്രിയിൽ ആന മണ്ണുണ്ടി കോളനിയിൽ രണ്ടു തവണ എത്തിയപ്പോൾ പടക്കം പൊട്ടിച്ച് ഓടിച്ചു. നിലവിൽ ആന നിലയുറപ്പിച്ചിട്ടുള്ള പ്രദേശത്തിന് അരികെ വനമേഖലയോടു ചേർന്നുള്ള വിശാലമായ സ്വകാര്യ എസ്റ്റേറ്റ് ഉണ്ട്. ആന ഈ ഭാഗത്തു വന്നാൽ മയക്കുവെടി സംഘത്തിന് ദൗത്യം നിർവഹിക്കാൻ താരതമ്യേന എളുപ്പമാണെന്നാണ് വിലയിരുത്തൽ.

ഇന്നലെ രാത്രി ആന സഞ്ചരിച്ചത് രണ്ടുകിലോമീറ്റര്‍ മാത്രമാണ്. ആനയുടെ സാന്നിധ്യം കണക്കിലെടുത്ത് തിരുനെല്ലി പഞ്ചായത്തിലെയും മാനന്തവാടി നഗരസഭയിലെ കുറുക്കന്മൂല, കുറുവ, കാടൻകൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളിലെയും സ്കൂളുകൾക്ക് കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്ടിൽ ഇന്ന് വിവിധ കർഷക സംഘടനകൾ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. വയനാടിന് പുറമേ നിലമ്പൂർ, മണ്ണാർക്കാട്, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നെത്തിയ ദ്രുത കർമ്മ സംഘങ്ങളും 4 കുങ്കിയാനകളും ദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്.

നാടിനെയാകെ ഭീതിയിലാക്കിയ കൊലയാളി ആനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം ഇന്നലെയും വിഫലമായി. 200 പേർ വരുന്ന വനപാലകർ 10 സംഘങ്ങളായി തിരിഞ്ഞാണു നിരീക്ഷണം നടത്തിയത്. മണ്ണുണ്ടി കോളനിക്കു സമീപം രാവിലെ ബേലൂർ മഖ്നയെത്തിയിരുന്നു. എന്നാൽ ജനവാസ മേഖലയ്ക്ക് സമീപത്ത് വച്ച് മയക്കു വെടിയേറ്റാൽ ആന ഭയന്നോടി കോളനിയിൽ പ്രവേശിച്ചേക്കാമെന്നതിനാൽ ശ്രമം ഉപേക്ഷിച്ചു. ഇന്നലെ പലവട്ടം സംഘം ബേലൂർ മഖ്നയുടെ 100 മീറ്റർ അടുത്തുവരെ എത്തി മയക്കുവെടി വയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

നിരന്തരം ആന സഞ്ചരിക്കുന്നതും പൊങ്ങി വളർന്ന അടിക്കാടും ദൗത്യം ദുഷ്കരമാക്കി. റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ പലപ്പോഴും ലഭിക്കാതിരുന്നതും പ്രതിസന്ധിയായി. അക്രമകാരിയായ കാട്ടാന ഉദ്യോഗസ്ഥർക്കെതിരെ തിരിയുമെന്നതിനാൽ കാൽനടയായെത്തി മയക്കുവെടി വയ്ക്കാനുമാകില്ല. കുങ്കിയാനകളുടെ പുറത്തേറി ബേലൂർ മഖ്നയെ പിന്തുടരുകയാണ് ചെയ്യുന്നത്. എന്നാൽ, കുങ്കിയാനകൾ ഏതാണ്ട് അടുത്തെത്തുമ്പോഴേക്കും അതിന്റെ മണം കിട്ടുമെന്നതിനാൽ ബേലൂർ മഖ്ന കൂടുതൽ ഉൾവനത്തിലേക്കു നീങ്ങും. നേരത്തെ കർണാടക വനംവകുപ്പ് മയക്കുവെടി വച്ച് പിടികൂടി കുങ്കിയാനകളെ ഉപയോഗിച്ചു കാടുകയറ്റിയതിന്റെ ഓർമ ബേലൂർ മഖ്നയ്ക്കുണ്ടാകുമെന്നും വനപാലകർ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top