ആലപ്പുഴ: ചേർത്തല തണ്ണീർമുക്കത്ത് ആഫിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. രോഗം മറ്റിടങ്ങളിലേക്ക് പടരാതിരിക്കാൻ നിരീക്ഷണം ശക്തമാക്കി. പ്രദേശത്ത് പുതുതായി പന്നികളെ വളർത്തുന്നതിനും വിൽക്കുന്നതിനും നിരോധനമേർപ്പെടുത്തി.
രോഗം സ്ഥിരീകരിച്ച ഫാമിലെ രണ്ട് പന്നികളാണ് ചത്തത്. തുടർന്നു നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഫാമിലെ 13 പന്നികളെ തിങ്കളാഴ്ച ശാസ്ത്രീയമായി കൊല്ലും. കൊന്നശേഷം കത്തിച്ചുകളയുകയോ രണ്ട് മീറ്റർ താഴ്ചയിൽ കുഴിച്ചിടുകയോ ചെയ്യും.
ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ തണ്ണീർമുക്കത്ത് പുതുതായി പന്നികളെ വളർത്തുന്നതിനും പുറത്തുനിന്ന് കൊണ്ടുവരുന്നതിനും വിൽപ്പന നടത്തുന്നതിനും ഇവിടെയുള്ളവയെപുറത്തേക്ക് കൊണ്ടുപോകുന്നതിനും നിരോധനമുണ്ട്. തണ്ണീർമുക്കത്ത് പത്ത് കിലോമീറ്റർ പരിധിയിലുള്ള ചേർത്തല നഗരസഭ, മാരാരിക്കുളം വടക്ക്, ചേർത്തല തെക്ക്, കഞ്ഞിക്കുഴി, മുഹമ്മ, കടക്കരപ്പള്ളി, വയലാർ, ചെന്നെപള്ളിപ്പുറം എന്നീ പഞ്ചായത്തുകളും കോട്ടയം ജില്ലയിലെ വൈക്കം നഗരസഭ, കുമരകം, വെച്ചൂർ, തലയാഴം, ടിവി പുരം, അയ്മനം, ആർപ്പൂക്കര പഞ്ചായത്തുകളും നിരീക്ഷണ പരിധിയിലാണ്.