നടൻ സിദ്ധിഖ് രാഷ്ട്രീയത്തിലേക്ക് പോകുന്നുവെന്ന വാർത്തകൾ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ മാതൃഭൂമിയുടെ ‘ക’ ഫെസ്റ്റിവലിൽ അഭിനയ ജീവിതത്തെ കുറിച്ചും തന്റെ രാഷ്ട്രീയ പ്രവേശന വാർത്തകളെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് സിദ്ധിഖ്.
സിദ്ധിഖ് പറഞ്ഞത്
ജാതി മത രാഷ്ടീയ വിഭാഗീയ ചിന്തകളൊന്നുമില്ലാതെ എല്ലാവരും എന്നെ സ്നേഹിക്കണം. എന്നിലെ നടനെ അംഗീകരിക്കണം എന്നതാണ് എന്റെ ചിന്ത. അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ മാത്രമാണ് എന്റെ പരിണാമങ്ങളും. പടച്ചോന്‍ എന്നെ സൃഷ്ടിച്ചത് സിനിമയ്ക്ക് വേണ്ടി മാത്രമാണെന്നും ഞാന്‍ കരുതുന്നു. അതുകൊണ്ട് രാഷ്ട്രീയത്തിലേക്കില്ല.
ഞാന്‍ തന്നെ ചെയ്തതാണോ എന്നാലോചിച്ചു പോവുന്ന നിമിഷത്തിലും അടുത്ത കഥാപാത്രം എന്തായിരിക്കും എന്ന ചിന്തയും അതിനുവേണ്ടിയുള്ള സ്വപ്നങ്ങളുമാണ് ഒരു നടന്‍ എന്ന നിലയില്‍ എന്റെ പരിഗണന. കഥാപാത്രങ്ങള്‍ ടൈപ്പ് ആക്കപ്പെടുക വഴിയുള്ള ആവര്‍ത്തന വിരസത ഇതുവരെ തോന്നിയിട്ടില്ല. കാരണം ഒരേപോലുള്ള കഥാപാത്രങ്ങള്‍ കിട്ടിയാലും അതെങ്ങിനെ വ്യത്യസ്തമാക്കാം എന്നാണ് ചിന്തിക്കാറ്.
ഞാന്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ തന്നെയാണ് നായകന്‍ എന്ന വിചാരത്തോടെയാണ് അഭിനയിക്കുന്നത്. വായനയും സിനിമ കാണലും ഒക്കെയാണ് ഹോംവര്‍ക്ക്. അല്ലാതെ കഥാപാത്രങ്ങള്‍ കിട്ടിയാല്‍ അതിനു വേണ്ടിയുള്ള പ്രത്യേക തയ്യാറെടുപ്പുകള്‍ ഒന്നും ചെയ്യാറില്ല. ഒരു കഥാപാത്രം അടുത്ത പത്ത് സിനിമകളിലേക്കുള്ള ഈട് വെപ്പുകൂടിയാണ്. നിങ്ങള്‍ക്ക് എന്നെ ആവശ്യമില്ല. എനിക്കാണ് നിങ്ങളെ ആവശ്യമുള്ളത്. എന്നെ മടുക്കാതിരിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. അതുകൊണ്ട് ആരും മടുക്കരുതേ.