കോട്ടയത്ത് കിണറുകളിലെ വെള്ളത്തിനു നിറവ്യത്യാസം കണ്ടത് ജനങ്ങളെ ആശങ്കയിലാഴ്ത്തി. വിജയപുരം പഞ്ചായത്തിലാണ് കിണർ ജലം പച്ചനിറത്തിൽ കണ്ടത്. 18ാം വാർഡിലെ ആനത്താനം ഭാഗത്തെ കിണറുകളിലെ വെള്ളത്തിനാണ് നിറവ്യത്യാസം കണ്ടത്. ഇന്നലെ ഉച്ചയോടെ മാധവൻപിള്ള മെമ്മോറിയൽ കുടിവെള്ള സൊസൈറ്റിയുടെയും മറ്റു അഞ്ച് സ്വകാര്യ വ്യക്തികളുടെയും കിണറുകളിലെ വെള്ളമാണ് പച്ചനിറമായത്.
ആരോഗ്യ പ്രവർത്തകരെയും പൊലീസ് ഉദ്യോഗസ്ഥരെയും നാട്ടുകാർ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആരോഗ്യ പ്രവർത്തകർ ഇന്നു സ്ഥലത്തെത്തി വെള്ളത്തിന്റെ സാംപിളുകൾ പരിശോധനയ്ക്ക് അയക്കും. അതിന്റെ ഫലം ലഭിക്കുന്നതു വരെ വെള്ളം ഉപയോഗിക്കരുതെന്നു അധികൃതർ അറിയിച്ചു.