India

ചെന്നൈയിൽ പതിമൂന്ന് സ്കൂളുകളിൽ ബോംബ് വച്ചതായി ഭീഷണി

ചെന്നൈ: ചെന്നൈയിൽ വ്യാജ ബോംബ് ഭീഷണിയെ തുടർന്ന് മണിക്കൂ​റുകളോളം പരിഭ്രാന്തി പരത്തി. നഗരത്തി​ലെ 13 സ്കൂളുകളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശമാണ് ഇ മെയിൽ വഴി ലഭിച്ചത്. വ്യാഴാഴ്ച രാവിലെ 10.30 നും 11.00 നും ഇടയിലാണ് ഇമെയിൽ ശ്രദ്ധയിൽപെട്ടത്. ഇതോടെയാണ് നഗരം മൊത്തം പരിഭ്രാന്തിയിലായത്.

13 സ്വകാര്യ സ്കൂളുകളിലാണ് ബോംബ് ഭീഷണി മെയിൽ ലഭിച്ചത്. ഉടൻ വിദ്യാർഥികളെ വീട്ടിലേക്ക് തിരിച്ചയച്ചു. സംഭവം അറിഞ്ഞ ഉടൻ കുട്ടികളുടെ രക്ഷിതാക്കൾ ഗോപാലപുരം, മൊഗപ്പയർ, പാരീസ്, അണ്ണാനഗർ തുടങ്ങിയ പ്രദേശങ്ങളിലെ സ്‌കൂളുകളിലേക്ക് ഓടിയെത്തിയിരുന്നു. വൻ പൊലീസ് പൊലീസ് സംഘവും ഡോഗ് സ്ക്വാഡും മണിക്കൂറുകളോളം സ്കൂളുകളും ചുറ്റുപാടും അരിച്ചുപെറുക്കിയെങ്കിലും ബോംബിന്റെ സാന്നിധ്യം ക​​ണ്ടെത്താനായില്ല. വ്യാജ സന്ദേശം അയച്ചയാളെ തിരിച്ചറിയാൻ ശ്രമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

‘ഇ-മെയിൽ ഭീഷണി ലഭിച്ച സ്‌കൂളുകൾ ഞങ്ങൾ ബോംബ് സ്ക്വാഡിന്റെ സഹായ​ത്തോടെ പരിശോധിച്ചു. വ്യാജ സന്ദേശമായിരുന്നു. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നുണ്ട്’ -അസി. പൊലീസ് കമ്മീഷണർ പ്രേം ആനന്ദ് സിൻഹ പറഞ്ഞു. ഇമെയിലുകൾ അയച്ച ഐപി വിലാസം കണ്ടെത്തുന്നതിനായി സൈബർ ക്രൈം വിഭാഗം അന്വേഷണം നടത്തുകയാണെന്നും എല്ലാ ഇമെയിലുകളും ഒരേ ഐഡിയിൽ നിന്നാണ് അയച്ചതെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

‘വ്യാജ ഇ-മെയിൽ ഭീഷണി സംബന്ധിച്ച് ഗ്രേറ്റർ ചെന്നൈ പൊലീസ്, സൈബർ ക്രൈം വിഭാഗം എന്നിവ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഇ-മെയിൽ അയച്ചയാളെ പിടികൂടാൻ തീവ്രമായ അന്വേഷണം നടത്തിവരികയാണ്. അതിനാൽ, വിദ്യാർഥികളും രക്ഷിതാക്കളും സ്‌കൂൾ മാനേജ്‌മെൻ്റും പരിഭ്രാന്തരാകേണ്ടതില്ല. ഭാവിയിലും ഇത്തരം ഭീഷണി ഇ-മെയിലുകൾ, ഫോൺ കോളുകൾ, കത്തുകൾ എന്നിവ ലഭിച്ചാൽ പരിഭ്രാന്തരാകരാവുകയോ സ്കൂൾ പ്രവർത്തനം തടസ്സപ്പെടുത്തുകയോ ചെയ്യരുത്. ഉടൻ തന്നെ 100, 112 നമ്പറുകളിൽ വിളിച്ച് പൊലീസിനെ അറിയിക്കണം. വ്യാജ ഭീഷണി അയക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും’ -പൊലീസ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top